വെള്ളക്കിണർ ജംഗ്ഷന് സമീപം തകരാറിലായ വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈൻ .
എടത്വ: കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി. നിരവധി പഞ്ചായത്തുകളില്‍ ജലവിതരണം നിലച്ചു. എടത്വ- തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷന് സമീപത്താണ് പൈപ്പ് ലൈന്‍ പൊട്ടിയത്. ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ജലവിതരണം മൂന്ന് ദിവസമായി നിലച്ചു കിടക്കുകയായിരുന്നു.
കുടിവെള്ള വിതരണം നിലച്ചതോടെ ജല അഥോറിറ്റി എടത്വ സബ് ഡിവിഷന് ഓഫിസര്‍ മുഹമ്മദ് അഷ്റഫ്, കിഫ്ബി പ്രോജക്ട് എന്‍ജിനിയര്‍ ഗോപന്, ഓവര്‍സിയര്‍ വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ പൈപ്പ്ലൈന്റെ ചോര്‍ച്ച ഒഴിവാക്കാന്‍ ശ്രമം നടന്നെങ്കിലും ആദ്യം പരാജയപെട്ടിരുന്നു. വീണ്ടും ചോര്‍ച്ച അടയ്ക്കാനുള്ള നടപടി നടക്കുകയാണ്. പദ്ധതിക്കു വേണ്ടി സ്ഥാപിച്ച പൈപ്പിന്റെ കാര്യക്ഷമത കുറവാണെന്ന് ഇതിനോടകം പരാതി ഉയര്‍ന്നിരുന്നു. പിവിസി, എച്ച്ഡിപിഇ പൈപ്പുകളാണ് പദ്ധതിക്ക് സ്ഥാപിച്ചത്.
ഹെവി ഭാരം കയറ്റിയ വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്ന റോഡില്‍ ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിക്ക് സ്ഥാപിച്ച യൂഡിസ്മാറ്റ് പൈപ്പ് സ്ഥാപിക്കണമെന്ന് നിര്‍മാണ വേളയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് ചെവിക്കൊള്ളാതാണ് പിവിസിയും എച്ച്ഡിപിഇ പൈപ്പുകളും സ്ഥാപിച്ചത്. ജലവിതരണം മുടങ്ങിയതോടെ കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്. കൃഷി സീസണ് ആരംഭിച്ചതിനാല്‍ പാടത്തു നിന്ന് പുറംതള്ളുന്ന വെള്ളം ജലാശയങ്ങളെ മലിനമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ഏകാശ്രയമായിരുന്നു പദ്ധതി വഴി ലഭിക്കുന്ന ശുദ്ധജലം.
ദിവസങ്ങളായി ജലവിതരണം തടസപ്പെട്ട് കിടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.
കൂടാതെ അറ്റകുറ്റപ്പണിയുടെ ഭാഗമായി റോഡിന്റെ പകുതിയോളം ഭാഗം പത്തടിയിലേറെ കുഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് വാഹന അപകടം നടന്നിരുന്നു. അപായ മുന്നറിപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ പെട്ടെ ന്ന് തിരിക്കുമ്പോള്‍ എതിരേ വരുന്ന വാഹനങ്ങളില്‍ ഇടിക്കുന്നത് പതിവാണ്.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കുട്ടനാട്ടില്‍ ജലവിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.