കെഎസ്ഇബി ഓഫിസിന് മുന്നിലെ വഴിവിളക്ക് തെളിയാത്ത നിലയിൽ.
എടത്വ: ഇടറോഡുകളില്‍ വഴിവിളക്കുകള്‍ പ്രകാശിച്ചപ്പോള്‍ പ്രധാന കേന്ദ്രമായ എടത്വ ടൗണും അമ്പലപ്പുഴ-തിരുവല്ല റോഡും ഇപ്പോഴും ഇരുട്ടില്‍. എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേടായ ബള്‍ബുകള്‍ മാറ്റി എല്ലാ വാര്‍ഡുകളിലും പുതിയ ബള്‍ബുകള്‍ സ്ഥാപിച്ചെങ്കിലും പ്രധാന റോഡുകളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ എടത്വ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുതല്‍ പൊലിസ് സ്റ്റേഷന് വരെയും വെട്ടുതോട് പാലവും രാത്രിയായാല്‍ ഇരുട്ടിലാണ്.
രാത്രിയില്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ടിവരുന്ന സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കാല്‍നടയാത്ര ഏറെ പ്രയാസകരമാണ്. വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എടത്വ പൊലിസ് സ്റ്റേഷന് മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡ്, എടത്വ പള്ളിയിലേക്കുള്ള റോഡ്, മാര്‍ക്കറ്റ് മില്‍മ റോഡ്, മാര്‍ക്കറ്റ് പാലത്തിനുള്ളിലേക്കുള്ള വഴി എന്നിവിടങ്ങളിലെ ഒട്ടുമിക്ക പോസ്റ്റുകളിലെയും വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എടത്വ പാലത്തിന്റെ ഒരു വശത്തെ ബള്‍ബുകളെല്ലാം കത്താതെകിടക്കുകയാണ്. വെട്ടുതോട് പാലത്തിലും സമീപത്തെ ഹൈമാസ്റ്റ് ലൈറ്റും പ്രകാശിക്കുന്നില്ല. എടത്വ പാലത്തിന് സമീപത്തെ ഒരു പോസ്റ്റില്‍ തന്നെ രണ്ട് ലൈറ്റുകളാണ് കത്തുന്നത്. ചില സ്ഥലങ്ങളില്‍ പകല്‍സമയത്തും ലൈറ്റുകള്‍ അണയാതെ കത്തിക്കിടക്കുന്ന അവസ്ഥയുമുണ്ട്.
കെഎസ്ഇബി ഓഫിസിന് മുന്നിലെ പോസ്റ്റിലെ ഹാലജന്‍ ലൈറ്റിന്റെ പ്രകാശം പോലും പേരിനു മാത്രമാണെന്നും നാട്ടുകാര്‍ പരിഹസിക്കുന്നു.
ലൈറ്റ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ച് അടിച്ച് നോക്കേണ്ട അവസ്ഥയാണ്. മാര്‍ക്കറ്റ് പാലത്തിനുള്ളിലേക്കുള്ള വഴിയില്‍ പുതുതായി സ്ഥാപിച്ച ബള്‍ബുകള്‍ പ്രകാശിക്കാത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
ഇതുസംബന്ധിച്ച് വാര്‍ഡ് മെംബര്‍ മനോജ് മാത്യു പുത്തന്‍വീട്ടില്‍ കെഎസ്ഇബി അധികൃതര്‍ക്ക് പലതവണ പരാതി നല്‍കുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ട് നാലാഴ്ചയോളമായിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരും മെംബറും പറയുന്നത്.
പ്രധാന റോഡുകളിലും പാലങ്ങളിലും ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലും വഴിവിളക്കുകള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കി രാത്രികാല യാത്രക്കാര്‍ക്ക് മതിയായ വെളിച്ചവും സുരക്ഷയും ഉറപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും കെഎസ്ഇബിയും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : locals protest. Nattuvishesham Districtnews