പ്രതീകാത്മക ചിത്രം
പെരിന്തല്‍മണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഷിഗെല്ല ബാധിതരുടെ എണ്ണം ഒന്‍പതായി. പഞ്ചായത്ത് പരിധിയില്‍ ഇതുവരെ 123 പേര് വയറിളക്ക രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. രോഗബാധ സംശയിക്കുന്ന ഒരാളെക്കൂടി പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഭവനസന്ദര്‍ശനം നടത്തി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക, കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ക്ലോറിനേഷന് നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അങ്കണവാടികളിലെയും പാചകത്തൊഴിലാളികള്‍ക്കായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷ, വ്യക്തിശുചിത്വം, സുരക്ഷിതമായ കുടിവെള്ള ഉപയോഗം, ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയിലാണ് ക്ലാസ് നല്‍കുക.
കൂടാതെ, സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ലബോറട്ടറികളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധി അവലോകന യോഗം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേരും.
രോഗനിരീക്ഷണം, പരിശോധന, റിപ്പോര്‍ട്ടിംഗ്, തുടര്‍നടപടികള്‍ എന്നിവ ഏകോപിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ മാത്രമല്ല, സാധാരണക്കാരിലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. അതിനാല്‍ സാമൂഹിക സദ്യകള്‍, ആഘോഷങ്ങള്‍, പൊതുചടങ്ങുകള്‍ തുടങ്ങിയ ഭക്ഷണവിതരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കര്‍ശനമായ ശുചിത്വ-ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Tags : preventive measure prevent Shigella. shigella NattuVishesham DistrictNews