പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ ശല്യക്കാരായ ആനകളെ കാടുകയറ്റാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ആദ്യഘട്ടത്തിന് തുടക്കം. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ 80- ഓളം പേരടങ്ങുന്ന സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ ഏഴോടെ നാല് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകര്‍ തിരച്ചില്‍ ആരംഭിച്ചത്. 9.30ഓടെ കാഞ്ഞിരപുഴ വനം സ്റ്റേഷന് പരിധിയിലെ ചാത്തംപുറായി 2018 തേക്ക് പ്ലാന്റേഷനില്‍ മൂന്ന് കാട്ടാനകളെ കണ്ടെത്തി.
എന്നാല്‍ കുറ്റിക്കാട് നിറഞ്ഞ പ്രദേശമായതിനാല്‍ പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചും ആനകളെ തുരത്താന്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് രാത്രിയിലും വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആറ് ഏറുമാടങ്ങളും ആറ് നിരീക്ഷണ കാമറകളും മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ദൗത്യം ഇന്നും തുടരാനാണ് തീരുമാനം. ഇന്ന് രാവിലെ ഏഴിന് വീണ്ടും തെരച്ചില്‍ ആരംഭിക്കും. അകമ്പാടം സ്റ്റേഷന് പരിധിയിലെ പൊക്കോട് വനമേഖലയിലെയും കാഞ്ഞിരപുഴ ചാത്തംപുറായി വനമേഖലയിലെയും കാട്ടാനകളെ മൈലാടി വഴി എടക്കോട് വനഭാഗത്തേക്ക് കയറ്റാനും പിന്നീട് മൂവായിരം വനമേഖലയിലൂടെ കുറുവന്‍പുഴ കടത്തി പന്തീരായിരം ഉള്‍വനത്തിലേക്ക് തുരത്താനുമാണ് ലക്ഷ്യമിടുന്നത്.
നിലമ്പൂര്‍ നോര്‍ത്ത് എസിഎഫ് അനീഷ സിദ്ദിഖ്, നിലമ്പൂര്‍ റേ്ഞ്ച് ഓഫിസര്‍ ജിതേഷ്, എടവണ്ണ റേഞ്ച് ഓഫിസര്‍ ഷംനാസ്, അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി. അഭിലാഷ്, കാഞ്ഞിരപുഴ ഡെപ്യൂട്ടി റെേഞ്ച് ഓഫിസര്‍ പി.എന്‍. സജീവന്, എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ മനോജ് കുമാര്‍, നിലമ്പൂര്‍ നോര്‍ത്ത് ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കാഞ്ഞിരപുഴ, എടക്കോട്, അകമ്പാടം വനംസ്റ്റേഷനുകളിലെ ജീവനക്കാരും ആര്‍ആര്‍ടി സ്പെഷ്യല്‍ ടീം, പിആര്‍ടി അംഗങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
Tags : wild elephants eelephant NattuVishesham DistrictNews