വഴിക്കടവില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച ശേഷം ഇടത് അംഗങ്ങള്‍ പ്രതിഷേധിക്കുന്നു.
എടക്കര: ലൈഫ് ഭവന പദ്ധതിയില്‍ കെടുകാര്യസ്ഥത ആരോപിച്ച് വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റിനെ ഇടത് അംഗങ്ങള്‍ ഉപരോധിച്ചു. ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന 600 ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള അവസാന ഗഡുവായ 60,000 രൂപ ഉടന്‍ വിതരണം ചെയ്യണമെന്നും ഇതിനായി തനത് ഫണ്ടിലെ പണം അടിയന്തരമായി ഉപയോഗിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. ഫണ്ട് വിനിയോഗിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടില്‍ മാത്രം 93 ലക്ഷം രൂപയാണ് നഷ്ടമായത്. സമീപ പഞ്ചായത്തുകളില്‍ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും വഴിക്കടവില്‍ എസ്റ്റിമേറ്റ് നടപടികള്‍ പോലും ആയിട്ടില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.
ഉപരോധത്തിന് ശേഷം അംഗങ്ങള്‍ പ്രതിഷേധ പ്രകടനവും നടത്തി. ഉപരോധ സമരം പ്രതിപക്ഷ നേതാവ് ബിനു പോള്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ശശി പുള്ളോലി, സില്‍വി മനോജ്, ടി.എം. നാണി, ബാബുരാജ്, ഉമ്മു ഹബീബ, നദീറ സഫ്വാന്, അഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Tags : Panchayat President Gheraoed Corruption NattuVishesham DistrictNews