ലിങ്ക്ഡ്ഇൻ
ന്യൂഡൽഹി: ഉപയോക്താക്കൾക്ക് തങ്ങളുടെ കണക്ഷൻ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡാറ്റയിൽ സുപ്രധാന മാറ്റങ്ങളുമായി ലിങ്ക്ഡ്ഇൻ. 2026 ഡിസംബർ 20 മുതൽ, ഡൗൺലോഡ് ചെയ്യുന്ന കണക്ഷൻ ഫയലുകളിൽ നിന്നും മറ്റ് അംഗങ്ങളുടെ ഇ-മെയിൽ വിലാസം, നിലവിൽ ജോലി ചെയ്യുന്ന കമ്പനി, തസ്തിക എന്നിവ ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു.
പ്രഫഷണൽ കോൺടാക്റ്റുകളുടെ വിവരങ്ങൾ സൂക്ഷിക്കാനായി ലിങ്ക്ഡ്ഇന്നിന്റെ ഡാറ്റാ ഡൗൺലോഡ് ഫീച്ചറിനെ ആശ്രയിക്കുന്നവർക്ക് ഈ മാറ്റം വലിയ തിരിച്ചടിയാകും. എങ്കിലും, കണക്ഷനുകളുടെ പേരുകൾ, ലിങ്ക്ഡ്ഇൻ പ്രഫൈൽ ലിങ്കുകൾ, കണക്ട് ചെയ്ത തീയതി എന്നിവ തുടർന്നും ഫയലിൽ ലഭ്യമാകും. മറ്റ് അംഗങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ലിങ്ക്ഡ്ഇൻ തങ്ങളുടെ ഹെൽപ്പ് സെന്റർ പേജിലൂടെ വ്യക്തമാക്കി.
പുതിയ നിയമം ഡാറ്റാ ഡൗൺലോഡ് ഫീച്ചറിനെ പൂർണമായും ബാധിക്കില്ലെങ്കിലും, കണക്ഷനുകളുടെ വിവരങ്ങളടങ്ങിയ ഫയലിൽ നിന്നും ഇ-മെയിൽ വിലാസങ്ങൾ, നിലവിലെ കമ്പനിയുടെ പേര്, തസ്തിക / ജോലി വിവരങ്ങൾ, എന്നീ പ്രധാന മൂന്ന് വിവരങ്ങൾ ഡിസംബർ 20 മുതൽ ലഭിക്കില്ല.
അതേസമയം, കണക്ഷനുകൾ അവരുടെ പ്രൊഫൈലിൽ പങ്കുവെച്ചിട്ടുള്ള വിവരങ്ങൾ നേരിട്ട് സന്ദർശിച്ച് കാണുന്നതിന് ഈ മാറ്റം തടസമാകില്ല. ഡൗൺലോഡ് ചെയ്യുന്ന ഫയലിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 20 വരെ, ഉപയോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങൾക്കനുസരിച്ച് ഇ-മെയിൽ വിലാസങ്ങൾ ഡൗൺലോഡ് ഫയലിൽ ലഭ്യമാകും.
നിങ്ങളുടെ ലിങ്ക്ഡ്ഇൻ ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് കണക്ഷൻ വിവരങ്ങൾ സേവ് ചെയ്ത് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ലിങ്ക്ഡ്ഇൻ വെബ്സൈറ്റ് വഴി അതിനുള്ള സൗകര്യമുണ്ട്:
1. കമ്പ്യൂട്ടറിൽ ലിങ്ക്ഡ്ഇൻ തുറന്ന് പ്രൊഫൈൽ മെനുവിലെ Settings and Privacy തെരഞ്ഞെടുക്കുക.
2. ഇതിൽ Data Privacy എന്ന വിഭാഗത്തിന് താഴെയുള്ള 'How LinkedIn uses your data' എന്നതിൽ Download your data ക്ലിക്ക് ചെയ്യുക.
3. ആവശ്യമായ വിവരങ്ങൾ മാത്രം തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ പൂർണമായ ഡാറ്റാ ആർക്കൈവിനായി അപേക്ഷിക്കുകയോ ചെയ്യാം.
തെരഞ്ഞെടുത്ത വിവരങ്ങൾ മിനിറ്റുകൾക്കുള്ളിലും, വലിയ ആർക്കൈവുകൾ 24 മണിക്കൂറിനുള്ളിലും ഇ-മെയിൽ വഴി ലഭിക്കും. ലിങ്ക് ലഭിച്ചുകഴിഞ്ഞാൽ 72 മണിക്കൂറിനുള്ളിൽ ഫയൽ ഡൗൺലോഡ് ചെയ്യേണ്ടതാണ്. മൊബൈൽ ആപ്പിൽ ഈ സൗകര്യം ലഭ്യമല്ലാത്തതിനാൽ കമ്പ്യൂട്ടർ വഴി മാത്രമേ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. പൊതുവായ കമ്പ്യൂട്ടറുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ഡൗൺലോഡ് ചെയ്യരുതെന്നും ലിങ്ക്ഡ്ഇൻ മുന്നറിയിപ്പ് നൽകുന്നു.
Tags : linkedIn linkedindata downloaddata december20 newrules