വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരഞ്ജനെ കാണാൻ ഡെന്നിസിനെ കൂട്ടി അഭിരാമി ജയിലിൽ വരുന്ന രംഗം സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ ക്ലൈമാക്സ് ആണ്. നിരഞ്ജൻ ആവശ്യപ്പെട്ടത് പ്രകാരം ഡെന്നീസ് അഭിരാമിയെ താലി കെട്ടുന്നതാണ് പിന്നീടുള്ള ഹൃദയസ്പർശിയായ കാഴ്ച.
ഡെന്നിസിനെ വിവാഹം കഴിക്കാൻ കൂട്ടാക്കാതെ അഭിരാമി നിരഞ്ജനെ വിവാഹം കഴിച്ചിരുന്നെങ്കിലോ? ആ ക്ലൈമാക്സ് തന്നെ വേറെ ലെവൽ ആയേനെ. സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ജീവിതത്തിൽ ഇതുപോലൊരു സിറ്റുവേഷൻ ഉണ്ടായാലോ... ഒന്ന് ചിന്തിച്ചു നോക്കൂ... എന്നാൽ അങ്ങനെയൊന്നുണ്ടായി.
അമേരിക്കയിലെ ടെക്സസിൽ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ ക്ലൈമാക്സിനോട് സമാനമായ ഒരു സംഭവം നടന്നു. ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതിയെ വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു ബ്രിട്ടീഷ് യുവതി വിവാഹം കഴിച്ചു.
മരണം എന്നായിരിക്കും എന്ന് കൃത്യമായി അറിയുന്ന ഒരാളെ വിവാഹം കഴിക്കുക. അതൊരു ധൈര്യമോ ത്യാഗമോ എന്തായിരിക്കും എന്നാണ് ലോകം ഇപ്പോൾ ചിന്തിക്കുന്നത്. 2008-ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടെക്സസിലേ ജയിലിൽ കഴിയുന്ന ജെയിംസ് ബ്രോഡ്നാക്സിനെ (37) ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്നികിയാണ് ജയിലിൽ വച്ച് വിവാഹം ചെയ്തത്.
വിവാഹം നടന്നത് കഴിഞ്ഞത് ഏപ്രിൽ 14ന്. ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കാൻ പോകുന്നത് ഏപ്രിൽ 30നും. വെറും 16 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഒരു വിവാഹബന്ധം എന്ന് പുറംലോകത്തിന് തോന്നാമെങ്കിലും ജീവിതാവസാനം വരെ രണ്ടുപേർക്കും ഓർക്കാനുള്ള 16 ദിവസങ്ങളാണ് ഇത്.
ഏപ്രിൽ 30-ന് വിഷമിശ്രിതം കുത്തിവെച്ചാണ് ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കുക. അപൂർണമായ പ്രണയം നുരയുന്ന അയാളുടെ സിരകളിലേക്ക് വിഷ മിശ്രിതം കലരുമ്പോഴും അയാൾ തനിക്ക് ലഭിച്ച ആ 16 ദിവസങ്ങളെ കുറിച്ചായിരിക്കും അവസാനമായി ഓർക്കുക.
റഫീഖ് അഹമ്മദ് എഴുതിയ പോലെ മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ എന്ന് ജെയിംസ് ബ്രോഡ്നാക്സ് ആഗ്രഹിക്കും. പക്ഷേ നടക്കില്ല. ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം.
ബഷീറിന്റെ മതിലുകളിൽ ബഷീറും നാരായണീയും ചേർന്നുള്ള പ്രണയം പോലെയാണ് ജെയിംസ് ബ്രോഡ്നാക്സും ടിയാനയും തമ്മിലുള്ള പ്രണയവും വിവാഹവും. അവർ ഒരു മറയുടെ അപ്പുറത്തും ഇപ്പുറത്തും ആണ്. ടെക്സസ് ജയിലിന്റെ വൻ മതിലുകൾക്ക് ഇരുവശത്തും നിന്നവർ 16 ദിവസം പ്രണയിക്കും...
പതിനാറാം നാൾ മതിലിന് അപ്പുറത്ത് ഒരാൾ ഉണ്ടാകില്ല.. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒന്ന് സ്പർശിക്കാൻ പോലും അവർക്ക് ആവില്ല... തനിക്ക് ലഭിച്ച ഈ 16 ദിവസം ജെയിംസിന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമങ്ങൾ കൂടിയാണ് ടിയാന നടത്തുന്നത്.

നിയമ പോരാട്ടങ്ങളുടെ അങ്ങേയറ്റം വരെ പോയി തന്റെ പ്രിയപ്പെട്ടവനെ വിഷമിശ്രിതത്തിന്റെ സൂചിത്തുമ്പിൽ നിന്നും രക്ഷിക്കാനുള്ള അവസാന ശ്രമം ടിയാന തുടരുകയാണ്. ജെയിംസ് നിരപരാധിയാണെന്നും വംശീയ വിവേചനം മൂലമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്നും ടിയാന പറയുന്നു.
ഈ കേസിൽ ഡിഎൻഎ തെളിവുകൾ ജെയിംസിന് അനുകൂലമാണെന്നും അവർ വാദിക്കുന്നു. പക്ഷേ ടിയാന കരുതും പോലെ മഹാദ്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമയം വളരെ കുറവാണെന്നും ജെയിംസിന് മരണ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും നിയമ വിദഗ്ധർ പറയുന്നു. പക്ഷേ അവസാന നിമിഷം വരെ പോരാടാൻ തന്നെയാണ് ടിയാനയുടെ തീരുമാനം.
അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും മാധ്യമങ്ങളിൽ ജെയിംസിന്റെയും ടിയാനയുടെയും കഥ കഴിഞ്ഞദിവസം പുറത്തുവന്നതോടെ ലോകം ഇതേക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങി.
മനുഷ്യാവകാശ നിയമത്തിൽ മാസ്റ്റർ ബിരുദ പഠനത്തിന്റെ ഭാഗമായി വംശീയ വിവേചനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ടിയാന ജെയിംസിനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ജെയിംസിന്റെ കേസ് ഹിസ്റ്ററി ടിയാന പഠിക്കുന്നതും ജെയിംസ് കുറ്റവാളിയല്ല എന്ന് അവൾ ഉറച്ചു വിശ്വസിക്കാൻ തുടങ്ങുന്നതും.
പക്ഷേ അപ്പോഴേക്കും കേസും കോടതിയും കാര്യങ്ങളുമെല്ലാം വളരെയധികം മുന്നോട്ടു പോയിരുന്നു. മരണശിക്ഷ ഉറപ്പായവന് ജീവിതത്തിൽ ഒന്നും ഇനി പ്രതീക്ഷിക്കാനോ മോഹിക്കാനോ ഇല്ല എന്ന് ഘട്ടത്തിലാണ് ടിയാന തന്റെ ജീവിതം ജെയിംസിനു മുന്നിൽ സമർപ്പിക്കുന്നത്.
ഇത് വെറുതെ പേരെടുക്കാൻ വേണ്ടി ചെയ്യുന്ന തന്ത്രമല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് ജെയിംസിന്റെ ഭാര്യക്ക് പറയാനുള്ളത് ഇതാണ് - എന്റെ തീരുമാനത്തെ ആരും പിന്തുണയ്ക്കില്ലെന്ന് അറിയാം. എന്നാൽ താൻ ജെയിംസിനെ സ്നേഹിക്കുന്നു...
അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ, നിയമം അതിന്റെ വഴിക്ക് തന്നെ പോവുകയാണെങ്കിൽ, ഏപ്രിൽ 30ന് ജെയിംസിന്റെ വധശിക്ഷ നടപ്പാക്കും. ജയിൽ മുറിക്ക് പുറത്ത്, കോമ്പൗണ്ടിനുള്ളിൽ എവിടെയെങ്കിലും ഇരുന്ന് ആ സമയം ടിയാന കരയുന്നുണ്ടാകും.
ജീവൻ നഷ്ടപ്പെട്ടെങ്കിലും പ്രണയവും സ്നേഹവും നഷ്ടപ്പെടാത്ത ജെയിംസിന്റെ ശരീരം അവൾക്ക് കിട്ടുമെങ്കിൽ അന്നവൾ ജെയിംസിനെ തൊടും.... ആദ്യമായും അവസാനമായും.. പിന്നെ അവൾ ജീവിക്കും.. മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ പ്രാണൻ വെടിഞ്ഞ മൊയ്തീനെ ഓർത്ത് കാഞ്ചനമാല ഇപ്പോഴും ജീവിക്കുന്ന പോലെ.
ലോകത്ത് ഇപ്പോഴും പ്രണയിക്കുന്നവർ അവരുടെ പ്രാർത്ഥനകളിൽ പറയുന്നു ... മഹാദ്ഭുതങ്ങൾ സംഭവിക്കണേ...
Tags : Todays Story