ക്രിക്കറ്റ് മൈതാനത്തെ പറക്കും തളിക എന്നറിയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സിനെ നേരിൽ കണ്ട ഒരു അമ്മയുടെയും അതിന് വഴിയൊരുക്കിയ മകന്റെയും ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഹർഷിത് ഛജേദ് എന്ന യുവാവ് തന്റെ അമ്മയുടെ കാലങ്ങളായുള്ള ആഗ്രഹം അപ്രതീക്ഷിതമായി നിറവേറ്റിക്കൊടുത്ത നിമിഷങ്ങൾ ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ മനസ് നിറയ്ക്കുന്നു.
ഒരു സാധാരണ ജിം സന്ദർശനത്തിനെന്ന വ്യാജേനയാണ് ഹർഷിത് തന്റെ അമ്മയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് അവിടെ കാത്തിരിക്കുന്നുണ്ടെന്ന് ആ അമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ജിമ്മിനുള്ളിലേക്ക് പ്രവേശിച്ച അവർ പെട്ടെന്ന് തന്റെ കൗമാരകാലത്തെ ഹീറോയെ മുന്നിൽ കണ്ടപ്പോൾ അക്ഷരാർഥത്തിൽ സ്തംഭിച്ചുപോയി. കണ്ണുകളെ വിശ്വസിക്കാനാവാതെ ഒരു നിമിഷം തരിച്ചുനിന്ന അവർ, പിന്നീട് അതിയായ സന്തോഷത്തോടെ മകനെ നോക്കി "ഇതെന്റെ ഹീറോയാണ്" എന്ന് വിളിച്ചുപറയുന്നത് കാണുന്നവരുടെ കണ്ണുനിറയ്ക്കും.
വെറുമൊരു കായിക താരത്തെ കാണുന്നതിലുപരി, തന്റെ 15-ാം വയസു മുതൽ മനസിൽ കൊണ്ടുനടന്ന ആരാധന നേരിട്ട് പ്രകടിപ്പിക്കാൻ സാധിച്ചതിന്റെ ആവേശത്തിലായിരുന്നു അവർ.
ആരാധകയുടെ ആത്മാർഥമായ സ്നേഹം കണ്ട ജോണ്ടി റോഡ്സ് അവരെ ഹൃദ്യമായി ആലിംഗനം ചെയ്യുകയും ഏറെ സമയം സംസാരിക്കുകയും ചെയ്തു. അമ്മയുടെ ക്രിക്കറ്റ് പ്രേമത്തെക്കുറിച്ചും ജോണ്ടി റോഡ്സിനോടുള്ള ആരാധനയെക്കുറിച്ചും മകൻ താരത്തിന് വിശദീകരിച്ചു കൊടുത്തു.
വളരെ വിനീതനായി ഇതൊക്കെ കേട്ടുനിന്ന റോഡ്സ്, അവരുടെ ജേഴ്സിയിൽ ഒപ്പിട്ടു നൽകുകയും വീണ്ടും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്താണ് മടങ്ങിയത്.
വർഷങ്ങൾക്കപ്പുറവും മായാതെ നിൽക്കുന്ന സ്നേഹത്തിന്റെയും ലളിതമായ ഒരു സർപ്രൈസിലൂടെ മകൻ അമ്മയ്ക്ക് നൽകിയ വലിയ സന്തോഷത്തിന്റെയും അടയാളമായി ഈ വീഡിയോ മാറി.
പ്രായമെത്രയായാലും ഉള്ളിലെ ആരാധകൻ മരിക്കില്ലെന്ന് തെളിയിക്കുന്ന ഈ ദൃശ്യങ്ങൾക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : JontyRhodes ViralVideo Heartwarming WholesomeMoments CricketFans