പരമ്പരാഗതമായ വിവാഹ സങ്കല്പങ്ങളെ തിരുത്തിക്കൊണ്ട് 37 വയസുകാരിയായ ദുവാങ്ദുവാൻ കെറ്റ്സാരോ എന്ന തായ് യുവതി രണ്ട് ഓസ്ട്രിയൻ പുരുഷന്മാരെ ഒരേ സമയം ജീവിതപങ്കാളികളായി സ്വീകരിച്ചിരിക്കുകയാണ്.
രഹസ്യസ്വഭാവമില്ലാതെ തികച്ചും സുതാര്യമായി നടന്ന ഈ വിവാഹം, പ്രണയത്തിലും ജീവിതത്തിലും പുലർത്തേണ്ട സത്യസന്ധതയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നു.
ഈ അപൂർവ്വ ബന്ധത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെയും കരുതലിന്റെയും കഥയുണ്ട്. തായ്ലൻഡിലെ വിനോദസഞ്ചാര നഗരമായ പട്ടായയിൽ ജോലി ചെയ്യുന്നതിനിടെയാണ് ദുവാങ്ദുവാൻ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ റോമനെ പരിചയപ്പെടുന്നത്.
അഞ്ച് വർഷത്തോളം ഇവർ ഒരുമിച്ച് താമസിക്കുകയും പരസ്പരം താങ്ങാവുകയും ചെയ്തു. എന്നാൽ പിൽക്കാലത്ത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ മാക്കിയെ പരിചയപ്പെട്ടതോടെ ദുവാങ്ദുവാനിന്റെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തി.
രണ്ടാമതൊരാളോട് പ്രണയം തോന്നിയപ്പോൾ അത് ഒളിപ്പിച്ചു വെക്കുന്നതിന് പകരം തന്റെ രണ്ട് പങ്കാളികളുമായും അവർ തുറന്ന് സംസാരിക്കുകയായിരുന്നു. മൂവരും ചേർന്ന് എടുത്ത തീരുമാനമാണ് ഒടുവിൽ ഒരുമിച്ചുള്ള ജീവിതത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്.
ജീവിതത്തിലെ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തിയാണ് ദുവാങ്ദുവാൻ. ഒരു ഗായികയായി പേരെടുക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടതോടെ മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കാനാണ് അവർ പട്ടായയിലേക്ക് ജോലി തേടി എത്തിയത്.
മുൻപത്തെ വിവാഹത്തിൽ മൂന്ന് മക്കളും രണ്ട് പേരക്കുട്ടികളുമുള്ള ഇവർക്ക് മാക്കിയും റോമനും നൽകിയ വലിയ പിന്തുണയാണ് ഇവരെ വിവാഹത്തിലേക്ക് അടുപ്പിച്ചത്.
തന്റെ മാതാപിതാക്കളോടും മക്കളോടും ഈ പ്രത്യേക സാഹചര്യത്തെക്കുറിച്ച് ദുവാങ്ദുവാൻ സംസാരിക്കുകയും അവരുടെ അനുവാദം വാങ്ങുകയും ചെയ്തിരുന്നു.
തനിക്കും തന്റെ കുടുംബത്തിനും ഇവർ നൽകുന്ന സ്നേഹവും സുരക്ഷയും തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും ഈ അപൂർവ്വ വിവാഹത്തിന് സമ്മതം നൽകി. തികച്ചും ലളിതവും എന്നാൽ തായ് സംസ്കാരത്തിലെ ആചാരങ്ങൾ പാലിച്ചുകൊണ്ടുമായിരുന്നു വിവാഹ ചടങ്ങുകൾ.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഓരോ വരനും 10 ലക്ഷം തായ് ബാറ്റ് വീതം (ഏകദേശം 29 ലക്ഷം രൂപ) വധുവിന്റെ കുടുംബത്തിന് സ്ത്രീധനമായി നൽകി.
ലോകത്തിന് മുൻപിൽ ഇത് വിചിത്രമായി തോന്നാമെങ്കിലും പരസ്പര സമ്മതവും സ്നേഹവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാമെന്നാണ് ഈ മൂവർ സംഘം തെളിയിക്കുന്നത്.
Tags : ViralNews UnconventionalLove ThailandWedding GlobalNews TrendingNow