കാറിലിരുന്ന് റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞ വിനോദസഞ്ചാരികളെ വഴിയിൽ തടഞ്ഞുനിർത്തി മാതൃകയായി ഒരു സാമൂഹിക പ്രവർത്തകൻ.
പ്രമുഖ ഫൗണ്ടേഷൻ സ്ഥാപകനായ അനൂപ് നൗട്ടിയാലാണ് തന്റെ മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും പ്ലാസ്റ്റിക് കപ്പും സ്പൂണും പുറത്തേക്ക് എറിഞ്ഞ സഞ്ചാരികളെ ചോദ്യം ചെയ്തത്.
റോഡിൽ വീണ അവശിഷ്ടങ്ങൾ കൈയിലെടുത്ത് അവരുടെ കാറിനടുത്തേക്ക് ചെന്ന അദ്ദേഹം, അത് അവർക്ക് തന്നെ തിരികെ നൽകി. പൊതുവിടങ്ങളെ ബഹുമാനിക്കണമെന്നും പരിസരം മലിനമാക്കരുതെന്നും ശാന്തമായി ഓർമ്മിപ്പിച്ചപ്പോൾ, തെറ്റ് ബോധ്യപ്പെട്ട സഞ്ചാരികൾ ക്ഷമ ചോദിച്ചുകൊണ്ട് ആ മാലിന്യം തിരികെ വാങ്ങി.
അനൂപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. ഇതോടെ പൊതുസ്ഥലങ്ങളിലെ ശുചിത്വത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നവർ എന്തുകൊണ്ടാണ് പൊതുവഴികളിൽ ഇത്രയും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതെന്ന് ദൃശ്യങ്ങൾ കണ്ട പലരും ചോദിക്കുന്നു.
കേവലം പാഠപുസ്തക പഠനത്തിനപ്പുറം സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന പ്രാഥമിക അറിവും സാമൂഹികബോധവും കുട്ടികൾക്ക് ചെറുപ്പത്തിലേ പകർന്നുനൽകേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇത്തരം മാലിന്യത്തള്ളൽ പ്രകൃതിക്കും പ്രാദേശിക ആവാസവ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.
Tags : CivicSense Mussoorie Littering ViralVideo Responsibletourism