മാങ്കുളത്തെ വിനോദസഞ്ചാര കേന്ദ്രമായ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് നടന്നത് നെഞ്ചിടിപ്പേറ്റുന്ന രക്ഷാപ്രവർത്തനമായിരുന്നു.
500 അടിയിലധികം ആഴമുള്ള കൊടുംചെരിവിലേക്ക് ചാടി ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിനെ സുഹൃത്തും ഒരുക്കൂട്ടം ജീപ്പ് ഡ്രൈവർമാരും ചേർന്നാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെക്കയറ്റിയത്.
കുറത്തിക്കുടി സ്വദേശിയായ സനൽ ശശിയാണ് വെള്ളച്ചാട്ടത്തിന്‍റെ അപകടം നിറഞ്ഞ മുനമ്പിലേക്ക് ഇറങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ നടന്ന ഈ സംഭവത്തിൽ സനലിനൊപ്പമുണ്ടായിരുന്ന വൈ. നാഗർ എന്ന സുഹൃത്ത് ഇയാളെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സനൽ തന്‍റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും താഴേക്ക് നീങ്ങുകയും ചെയ്തതോടെ നാഗർ സ്വന്തം ജീവൻ പണയപ്പെടുത്തിയും സുഹൃത്തിനെ രക്ഷിക്കാനായി ആ അഗാധമായ താഴ്ചയിലേക്ക് ഇറങ്ങി.
ഈ നിർണായക നിമിഷത്തിലാണ് മാങ്കുളത്തെ ടാക്സി ജീപ്പ് ഡ്രൈവർമാരായ ബിബിൻ, എബിൻ, അലക്സ് എന്നിവർ ആ ഭാഗത്തേക്ക് എത്തിയത്. അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നുവെങ്കിലും ഒട്ടും വൈകാതെ തന്നെ ഇവർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
കുത്തനെയുള്ള പാറക്കെട്ടുകളും വഴുക്കലുമുള്ള ആ ഭാഗത്ത് നിന്ന് യുവാവിനെ വലിച്ചുകയറ്റുക എന്നത് അതീവ ദുഷ്കരമായിരുന്നു. രക്ഷപെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും സനൽ താഴേക്ക് പോകാൻ ബലം പ്രയോഗിക്കുന്നുണ്ടായിരുന്നുവെങ്കിലും ആത്മധൈര്യം കൈവിടാതെ ഡ്രൈവർമാരും സുഹൃത്തും ചേർന്ന് ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.
തലനാരിഴയ്ക്ക് ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാരും കണ്ടുനിന്നവരും. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച മാങ്കുളത്തെ ഈ യുവാക്കൾക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags : Mankulam IdukkiNews Perumbankuthu KeralaTourism MankulamDiaries