വഞ്ചാലിയ–റാണാവാവ് റെയിൽവേ പാലത്തിനിടയിൽ ഒട്ടകം കുടുങ്ങി റെയിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസിലെ ലോകോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.
പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിനിടയിൽ പെട്ടുപോയ ഒട്ടകത്തെ പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അടിയന്തര ബ്രേക്ക് പ്രയോഗിച്ച് സുരക്ഷിതമായി ട്രെയിൻ നിർത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ സുരക്ഷാ സംഘവും ഉദ്യോഗസ്ഥരും ഒട്ടകത്തെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പാലത്തിലെ കുടുങ്ങിയ നിലയിലായിരുന്നതിനാൽ പ്രത്യേക ക്രെയിൻ എത്തിച്ചാണ് ഒട്ടകത്തിന് പരിക്കേൽക്കാതെ ട്രാക്കിൽ നിന്ന് മാറ്റിയത്.
അപകടസാധ്യത ഒഴിവാക്കാൻ ഈ സമയമത്രയും വഞ്ചാലിയ-റാണാവാവ് വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ചു. ഇതിനെ തുടർന്ന് പോർബന്തർ-സൗരാഷ്ട്ര എക്സ്പ്രസ്, പോർബന്തർ-രാജ്കോട്ട്, പോർബന്തർ-ഭാവ്നഗർ തുടങ്ങിയ നിരവധി പ്രധാന സർവീസുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വന്നത് യാത്രക്കാരെ വലച്ചു.
ട്രാക്കിലെ തടസങ്ങൾ നീക്കി പാത പൂർണമായും സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയ ശേഷമാണ് സർവീസുകൾ പുനഃസ്ഥാപിച്ചത്.
ട്രാക്കുകളിലേക്കും റെയിൽവേ പാലങ്ങളിലേക്കും മൃഗങ്ങൾ കയറുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും പൈലറ്റിന്റെ ശ്രദ്ധയോടെയുള്ള പ്രവർത്തനം മാത്രമാണ് ഇവിടെ ജീവഹാനി ഒഴിവാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
Tags : GujaratRailway RailwayRescue SaurashtraExpress LocoPilotHero TrainAccidentAverted