കുഞ്ഞിനെയുമേന്തി ഭീമൻ ആമയുടെ പുറത്തുകയറിനിന്ന് ലീലകൾ കാട്ടിയ സ്ത്രീയുടെ പ്രവൃത്തി ചൈനയിൽ വലിയ പ്രതിഷേധത്തിനിടയാക്കുന്നു.
ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഫോഷാനിലുള്ള ചാങ്ലു ടൂറിസം ആൻഡ് ലെഷർ പാർക്കിലാണ് സംഭവം അരങ്ങേറിയത്. പാർക്കിലെ ആമകൾക്കായി ഒരുക്കിയ പ്രത്യേക പ്രദേശത്ത് വെച്ച് ഒരാഫ്രിക്കൻ സ്പർഡ് ആമയുടെ പുറത്താണ് സ്ത്രീ കൈക്കുഞ്ഞുമായി കയറിനിന്നത്.
അധികഭാരം താങ്ങാനാവാതെ ആമ പുളയുന്നതും രക്ഷപ്പെടാൻ ആഞ്ഞുശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആമയുടെ പ്രയാസം കണ്ടിട്ടും പിന്മാറാൻ തയ്യാറാവാതിരുന്ന ഇവർ, ചിരിച്ചുകൊണ്ട് സമീപത്തുണ്ടായിരുന്ന മകനെയും ആമയുടെ പുറത്തേക്ക് ക്ഷണിക്കുകയായിരുന്നു.
മൃഗങ്ങളെ ചവിട്ടാനോ മുകളിൽ കയറാനോ പാടില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തായിരുന്നു ഈ നിയമലംഘനം നടന്നത്. ഇത്രയും ഗുരുതരമായ ക്രൂരത നടന്നിട്ടും തടയാൻ പാർക്ക് ജീവനക്കാർ ആരും എത്താതിരുന്നത് ഓൺലൈനിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
വിവാദം ശക്തമായതോടെ പാർക്ക് മാനേജ്മെന്റ് വെറ്റിനറി ഡോക്ടറെ എത്തിച്ച് ആമയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. നിലവിൽ ആമയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒപ്പം, സുരക്ഷാ മേൽനോട്ടത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ആമകളുടെ തോട് എന്നത് കേവലം ഒരു പുറംകവചം മാത്രമല്ലെന്നും, അത് അവയുടെ നട്ടെല്ലുമായും വാരിയെല്ലുകളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഭാഗമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
നാഡികളും രക്തക്കുഴലുകളും നിറഞ്ഞ ഈ ഭാഗത്ത് പെട്ടെന്ന് അമിതഭാരം വരുന്നത് തോട് പൊട്ടാനും നട്ടെല്ലിന് ക്ഷതമേൽക്കാനും ആന്തരാവയവങ്ങൾക്ക് തരാറുണ്ടാകാനും കാരണമാകും.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇത്തരം ആഫ്രിക്കൻ സ്പർഡ് ആമകളോട് കാണിച്ച ക്രൂരതയ്ക്കെതിരെ നിയമനടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Tags : AnimalCruelty ChinaNews ViralVideo SulcataTortoise AnimalWelfare