ഗ്രേറ്റർ നോയിഡ വെസ്റ്റ് ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ 'സെഞ്ചൂറിയൻ പാർക്ക് ടെറസ് ഹോംസിൽ' ഓൺലൈൻ ഭക്ഷണ വിതരണം വൈകിയതിനെച്ചൊല്ലി സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരും താമസക്കാരിയായ യുവതിയും തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയും നടന്നു.
ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി ഏജന്റിനെ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
ഓർഡർ വൈകിയതിൽ പ്രകോപിതയായി പ്രധാന കവാടത്തിലെത്തിയ യുവതി ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സ്ഥിതിഗതികൾ കൈവിട്ടുപോവുകയുമായിരുന്നു.
സുരക്ഷാ ജീവനക്കാർക്ക് നേരെ യുവതി അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. കസേരയിലിരിക്കുകയായിരുന്ന ജീവനക്കാരനെ ചവിട്ടാൻ മുതിരുന്നതും മറ്റൊരു ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കൂടാതെ, ജീവനക്കാരുടെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തെ പരിഹസിക്കുന്ന രീതിയിലും പോലീസിനെ വിളിക്കാൻ വെല്ലുവിളിക്കുന്ന രീതിയിലുമുള്ള സംഭാഷണങ്ങളും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ ബിസ്രാഖ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഏജന്റിനെ പ്രവേശന കവാടത്തിൽ തടഞ്ഞുവെച്ചതിന്റെ യഥാർഥ കാരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ഫ്ലാറ്റുകളിലെ റസിഡന്റുമാരും സുരക്ഷാ ജീവനക്കാരും ഡെലിവറി പങ്കാളികളും തമ്മിൽ തുടർച്ചയായി ഉണ്ടാകുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം വലിയ രീതിയിലുള്ള പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞു.
Tags : GreaterNoida BisrakhPolice ViralVideo SocietyBrawl SecurityGuardAssault