വളർത്തുനായുടെ പാത്രത്തിൽ നിന്ന് സ്ഥിരമായി ഭക്ഷണം മോഷ്ടിച്ചിരുന്ന എലികളെ തുരത്താൻ ചൈനീസ് സ്വദേശിയായ യുവാവ് കണ്ടെത്തിയ വേറിട്ട ബുദ്ധി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ഭയമില്ലാതെ വന്ന് നായയുടെ ഭക്ഷണം കവർന്നിരുന്ന എലികളെ കുടുക്കാൻ ഇയാൾ നായയ്ക്ക് പകരം അതേ സ്ഥലത്ത് അതീവ തന്ത്രശാലിയായ ഒരു പൂച്ചയെ കാവൽ നിർത്തുകയായിരുന്നു.
പതിവുപോലെ നായയുടെ ഭക്ഷണം ലക്ഷ്യമിട്ടെത്തിയ എലിക്ക് മുന്നിൽ കാത്തിരുന്നത് മിന്നൽ വേഗതയുള്ള പൂച്ചയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് മുന്നിൽ പെട്ട പൂച്ച നിമിഷനേരം കൊണ്ട് എലിയെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻതോതിൽ പ്രചരിക്കുന്നത്.
പൂച്ചകളുടെ സ്വാഭാവികമായ വേഗതയെയും ബുദ്ധിയെയും സാക്ഷ്യപ്പെടുത്തുന്നതാണ് ഈ വീഡിയോ. യഥാർഥ ജീവിതത്തിലെ 'ടോം ആൻഡ് ജെറി' എന്നാണ് ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
പൂച്ചയുടെ അവിശ്വസനീയമായ റിയാക്ഷൻ സ്പീഡിനെ പ്രശംസിക്കുന്നതോടൊപ്പം, എലിയുടെ വലിപ്പം കണ്ട് അത്ഭുതപ്പെടുന്നവരും കുറവല്ല. സാധാരണ എലികളേക്കാൾ വലിപ്പമുള്ള ഒന്നായിരുന്നിട്ടും പൂച്ചയുടെ അക്രമണത്തിന് മുന്നിൽ അതിന് രക്ഷപ്പെടാനായില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
എലിശല്യത്തിന് പരിഹാരം കാണാൻ വീട്ടുടമസ്ഥൻ പ്രയോഗിച്ച ഈ വേറിട്ട തന്ത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Tags : ViralVideo TrendingVideo ViralNews InstaViral TrendingNow