വീഡിയോയിൽ നിന്നുമുള്ള ചിത്രം
പാകിസ്താനിലെ പ്രധാന നഗരങ്ങളായ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ ഒക്ടോബർ 31-ന് സംഘടിപ്പിക്കപ്പെട്ട ഹാലോവീൻ ആഘോഷങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മുൻനിര ഷോപ്പിംഗ് മാളുകളിലും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കിയ ഭീതിജനകമായ തീം പാർട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിഷയത്തിൽ എതിർപ്പുകളും ചർച്ചകളും ശക്തമായത്.
നഗരവാസികളായ യുവാക്കളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ലാഹോറിലെ എംപോറിയം മാൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 'ഹൗസ് ഓഫ് ഹൊറേഴ്സ്', വിക്ടോറിയൻ മാതൃകയിലുള്ള കൊലപാതക വീടുകൾ എന്നിവ പുനഃസൃഷ്ടിച്ചായിരുന്നു പരിപാടികൾ.
യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളിലെ വിദ്യാർഥികൾ ഹാലോവീൻ വേഷവിധാനങ്ങളിൽ പങ്കെടുത്ത ദൃശ്യങ്ങൾ പ്രചരിച്ചതാണ് യാഥാസ്ഥിതിക വിഭാഗങ്ങളെ ചൊടിപ്പിച്ചത്.
ഇത്തരം ആഘോഷങ്ങൾ ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും പാശ്ചാത്യ സാത്താനിക് സംസ്കാരത്തിന്റെ അന്ധമായ അനുകരണമാണെന്നും ചൂണ്ടിക്കാട്ടി നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തി.
ആചാരങ്ങളുടെ യഥാർഥ പശ്ചാത്തലം മനസിലാക്കാതെ കേവലം പ്രശസ്തിയുടെ ഭാഗമാകാൻ വേണ്ടിയാണ് യുവാക്കൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഹാലോവീൻ നേരിട്ട് സാത്താനാരാധനയുമായി ബന്ധപ്പെട്ട ഒന്നല്ലെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
പുരാതന കെൽറ്റിക് സംസ്കാരത്തിലെ 'സംഹെയ്ൻ' എന്ന വിളവെടുപ്പ് ഉത്സവത്തിൽ നിന്ന് രൂപമെടുത്ത ഈ ആചാരത്തിൽ ദുരാത്മാക്കളെ തുരത്താനാണ് ആളുകൾ പ്രത്യേക വേഷവിധാനങ്ങൾ ധരിച്ചിരുന്നത്.
എങ്കിലും അന്ധവിശ്വാസങ്ങളും മന്ത്രവാദപരമായ ചിഹ്നങ്ങളും ഇതര സാംസ്കാരിക ആചാരങ്ങളുടെ അനുകരണവും അടങ്ങിയിരിക്കുന്നതിനാൽ ഇത്തരം ആഘോഷങ്ങളിൽ പങ്കാളികളാകുന്നത് നിഷിദ്ധമാണെന്ന നിലപാടിൽ തന്നെയാണ് പാകിസ്താനിലെ ഭൂരിഭാഗം മതപണ്ഡിതന്മാരും പൊതുജനങ്ങളും.
Tags : ViralNews HalloweenInPakistan CulturalDebate PakistanNews HalloweenControversy YouthCulture