വീഡിയോയിൽ നിന്നുമുള്ള ചിത്രം
ലളിതമായ ഗ്രാമീണ ജീവിതത്തിൽ നിന്നും ഗ്ലാമറിന്റെ ലോകത്തേക്കുള്ള സ്വന്തം യാത്രകൾ ഇൻസ്റ്റാഗ്രാം ട്രെൻഡിലൂടെ തുറന്നുകാട്ടുകയാണ് ഇന്ത്യൻ ഫാഷൻ മോഡലുകൾ.
സ്വന്തം നാടുകളിലെ ദൈനംദിന ജോലികൾ ചെയ്യുന്ന ദൃശ്യങ്ങളിൽ നിന്ന് ലക്ഷ്മേ ഫാഷൻ വീക്ക് ഉൾപ്പെടെയുള്ള വൻകിട റാംപുകളിലെ തിളക്കമാർന്ന പ്രകടനങ്ങളിലേക്ക് മാറുന്ന ഹ്രസ്വ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗർവാലി നാടൻ പാട്ടായ “സ്വാമി പരദേശ്” എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് മോഡലുകൾ തങ്ങളുടെ ജീവിതത്തിലെ ഈ രണ്ട് വ്യത്യസ്ത ഭാവങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. സാധാരണ വസ്ത്രങ്ങൾ ധരിച്ച് വീട്ടുജോലികളിലും കൃഷിപ്പണിയിലും ഏർപ്പെടുന്ന ദൃശ്യങ്ങളോടെയാണ് മിക്ക വീഡിയോകളും ആരംഭിക്കുന്നത്.
അടുക്കളയിലിരുന്ന് ചപ്പാത്തി പരത്തുന്ന ദീക്ഷ, വെള്ള ബക്കറ്റുകൾ ചുമന്നു കൊണ്ടുപോകുന്ന കരൺ, വിറക് വെട്ടുന്ന രാജ് ദോബാൽ എന്നിവർ തൊട്ടടുത്ത നിമിഷത്തിൽ ലക്ഷ്മേ ഫാഷൻ വീക്കിന്റെ റാംപിൽ ഡിസൈനർ വസ്ത്രങ്ങളിൽ വരുന്നത് കാണികളെ അത്ഭുതപ്പെടുത്തുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള സാക്ഷി കുംഭാർ കൃഷിയിടത്തിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുന്നതിൽ നിന്നും, ബംഗളൂരു സ്വദേശി സംഗീത രമേശ് അടുക്കളയിലെ സാധാരണ നിമിഷങ്ങളിൽ നിന്നും ഫാഷൻ ലോകത്തിന്റെ ലൈറ്റുകളിലേക്ക് മാറിയപ്പോൾ, അന്താരാഷ്ട്ര മോഡലായ നകുൽ ഭരദ്വാജ് വീട്ടുജോലികളിൽ നിന്ന് ആഗോള ബ്രാൻഡായ വേർസാച്ചെയുടെ റാംപിലേക്കുള്ള തന്റെ ദൂരമാണ് ദൃശ്യവൽക്കരിച്ചത്.
മേക്കപ്പും ഡിസൈനർ വസ്ത്രങ്ങളും നിറഞ്ഞ കണ്ണഞ്ചിക്കുന്ന ലോകത്തിനപ്പുറം സാധാരണ മനുഷ്യരുടേതിന് സമാനമായ അധ്വാനവും ഉത്തരവാദിത്തങ്ങളും തങ്ങൾക്കുമുണ്ടെന്ന് ഇവർ ഈ വിഡിയോകളിലൂടെ ഓർമ്മിപ്പിക്കുന്നു.
ഫാഷൻ ലോകത്ത് എന്തുതന്നെ ഉയരങ്ങൾ കീഴടക്കിയാലും സ്വന്തം വേരുകളെയും കുടുംബ പശ്ചാത്തലത്തെയും അഭിമാനത്തോടെ ചേർത്തുപിടിക്കുന്ന ഇവരുടെ നിലപാടിനെ വലിയ കൈയടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.
Tags : ViralTrend HometownToRunway FashionModel ModelLife BehindTheScenes LakmeFashionWeek