വീഡിയോയിൽ നിന്നുമുള്ള ചിത്രം
മുംബൈയിലെ തിരക്കേറിയ ജൂഹു മേഖലയിൽ ആഡംബര കാറിലെത്തിയ യുവതി സൃഷ്ടിച്ച നാടകീയതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.
നിയന്ത്രണം വിട്ട ബിഎംഡബ്ല്യു സെഡാൻ കാർ ഒരു സ്കൂട്ടറിലും മോട്ടോർ സൈക്കിളിലും മറ്റൊരു കാറിലും ഇടിച്ച ശേഷം നിർത്തിയിടാൻ തയ്യാറാകാതെ മുന്നോട്ട് പോകുകയായിരുന്നു.
അപകടം കണ്ടതിനെ തുടർന്ന് ഓടിയെത്തിയ ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ച് കാർ നിർത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവതി കാർ പതുക്കെ മുന്നോട്ട് എടുത്ത് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ചുറ്റും കൂടിയ യാത്രക്കാരും സംഭവം ക്യാമറയിൽ പകർത്തിയ സ്ത്രീയും കാർ നിർത്താൻ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി കാറിന്റെ പിൻവശത്തെ വാതിൽ ബലമായി തുറന്നതോടെയാണ് യുവതി വാഹനം നിർത്താൻ തയ്യാറായത്.
തുടർന്ന് പുറത്തേക്ക് ഇറങ്ങാതെ സ്വന്തം മൊബൈൽ ഫോണെടുത്ത് പുറത്തുനിൽക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ പകർത്തിയ യുവതി, താൻ റോഡിൽ വച്ച് കയ്യേറ്റവും ശല്യപ്പെടുത്തലും നേരിടുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ഈ തക്കം നോക്കി ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വെട്ടിച്ച് യുവതി കാറുമായി സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും പൊലിസുകാരന്റെയും മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്ത യുവതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
MH 02 GJ 8704 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബിഎംഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടതെങ്കിലും കാറോടിച്ച യുവതി ആരാണെന്നതിനെക്കുറിച്ചോ കേസിന്റെ നിലവിലെ പുരോഗതിയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
Tags : ViralVideo BMW Mumbai Juhu HitAndRun MumbaiPolice