വീഡിയോയിൽ നിന്നുമുള്ള ചിത്രം
ട്രെയിനിൽ കയറാൻ ഇനി പ്ലാറ്റ്ഫോമുകളിലൂടെ നടന്നു തളരേണ്ടതില്ല, വാഹനം നേരിട്ട് കോച്ചിന് തൊട്ടടുത്ത് വരെയെത്തിക്കും. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും പശ്ചിമ ബംഗാളിലെ പ്രശസ്തമായ ഹൗറ റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ ഈ കാഴ്ച നേരിട്ട് കാണാം.
ഒരു വശത്ത് കൂകിവിളിച്ചു കിടക്കുന്ന തീവണ്ടികളും മറു വശത്ത് നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കാറുകളും, അവയ്ക്കിടയിലൂടെ ലഗേജുകളുമായി നീങ്ങുന്ന യാത്രക്കാരും ഉൾപ്പെടുന്ന ഈ വ്യത്യസ്ത ദൃശ്യം ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ആദിത്യ യാദവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഹൗറ സ്റ്റേഷനിലെ എട്ടാം നമ്പറിനും ഒൻപതാം നമ്പറിനും ഇടയിലുള്ള പ്ലാറ്റ്ഫോമിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പാത 'ക്യാബ് റോഡ്' എന്നാണ് അറിയപ്പെടുന്നത്. റെയിൽവേ സമുച്ചയത്തിന്റെ പഴയ ബ്രിട്ടീഷ് നിർമ്മിതികളെയും പുതിയ കെട്ടിട ഭാഗങ്ങളെയും പരസ്പരം വേർതിരിക്കുന്നത് ഈ റോഡാണ്.
കൊളോണിയൽ ഭരണകാലത്ത് ഉന്നത ഉദ്യോഗസ്ഥർക്കും രാജകീയ അതിഥികൾക്കും പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് തടസമില്ലാതെ പ്രവേശിക്കുന്നതിനാണ് ഇത്തരമൊരു സൗകര്യം ബ്രിട്ടീഷുകാർ ഒരുക്കിയത്.
പൊതുജനങ്ങൾക്കുള്ള സാധാരണ റോഡല്ലെങ്കിലും, നിലവിൽ അംഗീകൃത സ്വകാര്യ വാഹനങ്ങൾ, ആപ്പ് അധിഷ്ഠിത ടാക്സികൾ, തപാൽ ട്രക്കുകൾ, ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ എന്നിവയ്ക്ക് യാത്രക്കാരെ ട്രെയിനുകൾക്ക് തൊട്ടടുത്ത് വരെ എത്തിക്കാൻ അനുമതിയുണ്ട്.
ഈ സമുച്ചയത്തിന്റെ കൃത്യം മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ 'ബോറോ ഘോറി' എന്ന ഭീമൻ ക്ലോക്കും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഈ ഘടികാരത്തിന്റെ ഒരു വശം ഒന്ന് മുതൽ എട്ട് വരെയുള്ള പ്ലാറ്റ്ഫോമുകളിലേക്കും മറുഭാഗം ഒൻപത് മുതൽ പതിനഞ്ചു വരെയുള്ള പ്ലാറ്റ്ഫോമുകളിലേക്കുമാണ് തിരിഞ്ഞുനിൽക്കുന്നത്.
ട്രെയിൻ ഇറങ്ങുന്നവർക്കും കയറുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പാതയിലേക്ക് പ്രവേശിക്കാൻ നിശ്ചിത നിരക്ക് ഈടാക്കുന്നുണ്ട്. സ്വകാര്യ കാറുകൾക്ക് രണ്ട് മണിക്കൂർ പാർക്കിംഗിന് 71 രൂപയോളവും ടാക്സികൾക്ക് ആളെ ഇറക്കാനും കയറ്റാനുമായി 70 രൂപയോളവുമാണ് ഫീസ്. ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന ഈ സംവിധാനം ഇന്ത്യൻ റെയിൽവേയിലെ തന്നെ അപൂർവ കാഴ്ചകളിൽ ഒന്നാണ്.
Tags : ViralNews HowrahJunction CabRoad IndianRailways UniqueRailwayStation WestBengalTourism