ഇന്ത്യയിലെ കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ നിന്ന് പതിവായി ഉയരുന്ന ‘ടോക്സിക് വർക്ക് കൾച്ചർ’ എന്ന പരാതികൾക്കും, തുടർച്ചയായ സമ്മർദ്ദങ്ങൾക്കും ഇടയിലാണ് ഡൽഹിയിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപനം വ്യത്യസ്തമായൊരു മാതൃകയുമായി ശ്രദ്ധേയമാകുന്നത്.
തൊഴിലിടത്തിലെ കർശനമായ നിയമങ്ങൾക്കിടയിലും, ടീമിലെ എല്ലാവർക്കും ഒത്തുചേരാൻ ദിവസവും ഒരു മണിക്കൂർ ‘പിക്നിക്’ സമയം മാറ്റിവെച്ചിരിക്കുകയാണ് കെ.കെ ക്രിയേറ്റ് എന്ന സ്ഥാപനം.
സ്ഥാപകയായ കാവ്യ കർണാടകാണ് തങ്ങളുടെ ഓഫീസിലെ ഈ സവിശേഷമായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് ലോകത്തോട് പങ്കുവെച്ചത്. ഉച്ചയ്ക്ക് രണ്ട് മണി ആയാൽ പിന്നെ ജോലിത്തിരക്കുകളെല്ലാം മാറ്റിവെച്ച് 40 അംഗങ്ങളുള്ള ടീം മുഴുവൻ ഓഫീസിലെ ഹാളിൽ ഒത്തുകൂടുന്നു.
മാനേജർമാരും താഴെത്തട്ടിലുള്ള ജീവനക്കാരും എന്ന വേർതിരിവില്ലാതെ എല്ലാവരും ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ഈ സമയം, വെറുമൊരു ഇടവേളയല്ല, മറിച്ച് ഒരു ആഘോഷം കൂടിയാണ്.
ജോലിക്ക് മുൻഗണന നൽകുന്നതിനേക്കാൾ, ടീമംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഈ സമയം ഉപയോഗിക്കുന്നത്.
ഇത്തരമൊരു രീതി ഓഫീസിൽ നടപ്പിലാക്കുമ്പോൾ ജോലി തടസപ്പെടില്ലേ എന്ന ആശങ്ക പലരും ഉയർത്തുന്നുണ്ടെങ്കിലും, പരസ്പര വിശ്വാസവും ജോലിയോടുള്ള ഉത്തരവാദിത്തവും ഉള്ളടത്തോളം കാലം ഇത്തരം ഇടവേളകൾ ടീമിനെ കൂടുതൽ കരുത്തരാക്കുകയേ ഉള്ളൂ എന്നാണ് കാവ്യയുടെ പക്ഷം.
കോർപ്പറേറ്റ് ലോകം വലിയ മീറ്റിംഗുകൾക്കും പോളിസികൾക്കും പുറകെ പായുമ്പോൾ, ഇത്തരം ലളിതമായ കൂട്ടായ്മകളിലൂടെയാണ് യഥാർഥത്തിൽ ഒരു ടീം രൂപപ്പെടുന്നതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
സഹപ്രവർത്തകർക്കിടയിലെ ഈ 'കുടുംബം പോലെയുള്ള' അന്തരീക്ഷം ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും, സന്തോഷകരമായ ഒരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
Tags : EmployeeWellbeing WorkCulture CorporateIndia LeadershipGoals StartupLife