ദക്ഷിണ കൊറിയൻ സ്കിൻകെയർ ഇൻഫ്ലുവൻസറായ മിൻ ഡേ ലീ തന്റെ ഇൻസ്റ്റാഗ്രാം റീലിൽ പെട്രോളിയം ജെല്ലി ശേഖരം കാണിക്കുന്നതിനിടെ 'വാസലിൻ' എന്ന് ഉച്ചരിച്ചത് 'ബാസ്ലീൻ' എന്നായിരുന്നു.
കൊറിയൻ ഭാഷയിൽ 'V' എന്ന ശബ്ദമില്ലാത്തതിനാലാണ് ഈ വ്യത്യാസം വന്നതെന്ന് ലീ പിന്നീട് വ്യക്തമാക്കിയെങ്കിലും, കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ഇന്റർനെറ്റിൽ വൻ ഹിറ്റായി മാറി. തങ്ങളുടെ ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായതോടെ ഈ തമാശ ഏറ്റെടുക്കാൻ വാസലിൻ കമ്പനിയും തീരുമാനിച്ചു.
ബ്രാൻഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളിലെ പേര് 'ബാസ്ലീൻ' എന്ന് മാറ്റിയ കമ്പനി, തങ്ങളുടെ ഏറ്റവും പുതിയ സിഇഒ ആയി മിൻ ഡേ ലീയെ തമാശരൂപേണ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകത്തിന്റെ വിവിധ കോണുകളിൽ വാസലിനെ പല രീതിയിലാണ് ആളുകൾ വിളിക്കുന്നതെന്നും, ഈ സ്നേഹം അംഗീകരിക്കുന്നുവെന്നുമാണ് കമ്പനിയുടെ പ്രതികരണം.
പേര് തൽക്കാലത്തേക്ക് മാറിയെങ്കിലും 1870 മുതൽ ജനങ്ങൾ ഉപയോഗിക്കുന്ന അതേ ഗുണമേന്മയും ഉൽപ്പന്നവും തന്നെയാണ് ഉള്ളതെന്ന് വാസലിൻ വ്യക്തമാക്കി.
കമ്പനിയുടെ ഈ വേറിട്ട മാർക്കറ്റിംഗ് തന്ത്രത്തെ പ്രശംസിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
Tags : Vaseline Baseline MinDayLee ViralNews MarketingStrategy