ഐപിഎൽ 2026-ന്‍റെ മൈതാനങ്ങളിൽ ഇപ്പോൾ ക്രിക്കറ്റ് താരങ്ങളേക്കാൾ കൂടുതൽ കൈയടി നേടുന്നത് 'ചമ്പക്' എന്ന റോബോട്ടിക് നായയാണ്. ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളുരുവും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് മുന്നോടിയായി നടന്ന രസകരമായ സംഭവങ്ങളാണ് ഈ യന്ത്രനായയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്.
മത്സരം തുടങ്ങുന്നതിന് മുൻപ് രാജസ്ഥാൻ പേസർ സന്ദീപ് ശർമ്മ ബൗണ്ടറിക്ക് സമീപം തന്‍റെ പതിവ് ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഈ സമയം സന്ദീപിന് തൊട്ടടുത്തെത്തിയ ചമ്പക്, താരം ചെയ്യുന്ന ഓരോ സ്ട്രെച്ചിംഗും ലഞ്ചസും കൃത്യമായി അനുകരിക്കാൻ തുടങ്ങിയത് കാണികളെ ആശ്ചര്യപ്പെടുത്തി. മഴമൂലം കളി വൈകിയതിന്‍റെ വിരസതയിലായിരുന്ന ഗാലറിക്ക് ഈ കാഴ്ച വലിയൊരു ഉന്മേഷമാണ് പകർന്നത്.
ബിസിസിഐയുടെ മേൽനോട്ടത്തിൽ ഒമ്‌നികാം, ഡബ്ല്യു ടിവിഷൻ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് അത്യാധുനിക സാങ്കേതിക വിദ്യയോടെ ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
ഗ്രൗണ്ടിന്‍റെ ഉപരിതലത്തിലൂടെ നീങ്ങുന്ന ഒരു നായയുടെ കാഴ്ചപ്പാടിൽ കളിയുടെ ദൃശ്യങ്ങൾ ആരാധകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇതിന്‍റെ പ്രാഥമിക ലക്ഷ്യം.
ഇതിനായി ഹൈ-ഡെഫനിഷൻ ജിംബൽ ക്യാമറയും പരിസരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കൃത്രിമ ബുദ്ധിയും ചമ്പക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ കേവലം ഒരു ക്യാമറ ഉപകരണം എന്നതിലുപരി തന്‍റെ തനതായ പെരുമാറ്റരീതികൾ കൊണ്ടാണ് ചമ്പക് താരമായി മാറിയത്.
മുതിർന്ന താരം സുനിൽ ഗവാസ്കറുമായി കൈകൊടുക്കുന്നതും പരിശീലകൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ രീതിയിൽ കൈകൂപ്പി വന്ദിക്കുന്നതുമെല്ലാം ചമ്പക്കിനെ കാണികളുടെ പ്രിയങ്കരനാക്കി.
കളിക്കളത്തിലെ കുസൃതിക്കാരനായ രവീന്ദ്ര ജഡേജ ഒരിക്കൽ ചമ്പക്കിനെ സ്വന്തം വളർത്തുമൃഗത്തെപ്പോലെ എടുത്തുയർത്തി മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയ ദൃശ്യങ്ങളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
മനുഷ്യരുടെ ശബ്ദം തിരിച്ചറിയാനും അതിനോട് കൃത്യമായി പ്രതികരിക്കാനുമുള്ള കഴിവ് ചമ്പക്കിനെ ഐപിഎല്ലിലെ വെറുമൊരു സാങ്കേതിക വിദ്യ എന്നതിലുപരി ഒരു വിനോദരൂപമായി മാറ്റിയിരിക്കുകയാണ്.
സാങ്കേതിക വിദ്യയും കായിക വിനോദവും എത്രത്തോളം മനോഹരമായി ഒത്തുചേരാം എന്നതിന്‍റെ ഉത്തമ ഉദാഹരണമായി ഈ കുട്ടി റോബോട്ട് മാറിക്കഴിഞ്ഞു.
bc, ye champak ? pic.twitter.com/ufhIwTMSS2
— Dim Tavid (@aayushgarg01) April 10, 2026
Tags : IPL2026 ChampakTheRoboDog CricketNews SandeepSharma RajasthanRoyals