ലഡാക്കിന്റെ കഠിനമായ പ്രതികൂല കാലാവസ്ഥയിലും തോളിൽ കെട്ടിവെച്ച കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കി പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഒരമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറുന്നു.
ഇന്ധനം നിറയ്ക്കാനെത്തിയ യാങ്ക പർദേശി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് യാദൃച്ഛികമായി പകർത്തിയ ഈ വൈകാരിക രംഗം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
സ്വന്തം ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ യാങ്ക കണ്ടെത്തിയ ഈ ദൃശ്യം, മാതൃത്വത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
വീഡിയോ കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകളാണ് ആ കുടുംബത്തിന് സഹായഹസ്തവുമായി മുന്നോട്ടുവന്നത്.
തുടർന്ന് യാങ്ക ആ അമ്മയെ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും, ആഗോളതലത്തിൽ ആ ദൃശ്യത്തിന് ലഭിച്ച സ്നേഹത്തെക്കുറിച്ചും സമാഹരിച്ച സാമ്പത്തിക പിന്തുണയെക്കുറിച്ചും അറിയിക്കുകയായിരുന്നു.
താൻ അറിയാതെ ഇന്റർനെറ്റിൽ വൈറലായ വിവരവും തനിക്കായി മനുഷ്യർ കൈകോർത്ത കാര്യവും കേട്ടപ്പോൾ ആ അമ്മ അദ്ഭുതപ്പെട്ടു. സമാഹരിച്ച തുക കുഞ്ഞിന്റെ ഭാവി ആവശ്യങ്ങൾക്കായി മാറ്റിവെക്കണമെന്ന അഭ്യർഥനയോടെയാണ് യാങ്ക തുക കൈമാറിയത്.
കേവലം കാഴ്ചക്കാരായി നിൽക്കാതെ ആ കാരുണ്യത്തെ യാഥാർഥ്യമാക്കിയ ജനങ്ങളോടുള്ള നന്ദിയും യാങ്ക പങ്കുവെച്ചു. അതിജീവനത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഈ അമ്മയുടെ പ്രയത്നത്തെ വാനോളം പുകഴ്ത്തുകയാണ് സൈബർ ലോകം.
"ധീരതയുടെയും മാതൃത്വത്തിന്റെയും ഉജ്ജ്വല മാതൃക" എന്നും "ആധുനിക കാലത്തെ ത്സാൻസി റാണി" എന്നുമൊക്കെയാണ് ആളുകൾ ആ അമ്മയെ വിശേഷിപ്പിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഇത്തരം മനുഷ്യരുടെ കഥകൾ ഡിജിറ്റൽ ലോകത്ത് വലിയൊരു പ്രതീക്ഷയും പ്രചോദനവുമാവുകയാണ്.
Tags : Ladakh Motherhood ViralVideo JhansiKiRani TrendingNow