ജീവിതത്തിൽ നിസാരമായ അസ്വസ്ഥതകൾ വരുമ്പോൾ പോലും മനസ് തകർന്ന് തോറ്റുകൊടുക്കുന്നവർക്കിടയിൽ, ഏതൊരു കടുത്ത പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരികയാണ് മലപ്പുറം സ്വദേശികളായ കളരിക്കൽ സഹോദരിമാർ.
ക്യാൻസർ എന്ന മഹാമാരിയോട് നിരന്തരം പോരാടുന്ന കുടുംബത്തിലെ ഇളയ മകളായ ഡോ. ചിത്ര കളരിക്കലും, പുതുതായി ലുക്കീമിയ സ്ഥിരീകരിച്ച രണ്ടാമത്തെ സഹോദരി ഡോ. താര കളരിക്കലുമാണ് പതറാത്ത ധൈര്യത്തോടെ രോഗവാർത്തയെ നേരിട്ട് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
ക്യാൻസർ ഈ കുടുംബത്തെ സംബന്ധിച്ച് ഒരു പുതിയ അനുഭവമല്ല. അമ്മയ്ക്കും അമ്മയുടെ അമ്മയ്ക്കും പിന്നാലെ മൂത്ത സഹോദരി ഡോ. സൂര്യയ്ക്കും മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഡോ. സൂര്യ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയതാണ്.
ഇതിനുശേഷമാണ് കഴിഞ്ഞ ഒക്ടോബർ അഞ്ചിന് നടത്തിയ രക്തപരിശോധനയിൽ ഡോ. താരയ്ക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ആശുപത്രി വരാന്തയിലിരുന്ന് തികച്ചും ശാന്തരായി, പുഞ്ചിരിച്ചുകൊണ്ട് രോഗവിവരം പങ്കുവെച്ചുള്ള ഇവരുടെ വീഡിയോ കണ്ടവരെല്ലാം ആദ്യമൊന്ന് ഞെട്ടിയെങ്കിലും, അവർ പകർന്നുനൽകിയ ആത്മവിശ്വാസം വലിയൊരു സന്ദേശമായി മാറി.
രോഗവാർത്ത ആദ്യമായി കേട്ടപ്പോൾ ഞെട്ടലുണ്ടായെങ്കിലും, വിങ്ങിപ്പൊട്ടിയിരിക്കുന്നതിൽ ഒരു അർഥവുമില്ലെന്നാണ് ഡോ. ചിത്ര വ്യക്തമാക്കുന്നത്. അമ്മയുടെ ചികിത്സാകാലത്ത് ആശുപത്രികളിൽ ഏറെ സമയം ചെലവഴിച്ച അനുഭവം രോഗത്തെ തികച്ചും പ്രായോഗികമായി കാണാൻ ഇവരെ പ്രാപ്തരാക്കി.
ക്യാൻസർ നിസാരമായ ഒന്നാണെന്നല്ല, മറിച്ച് രോഗം മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ശരിയായ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാൻ സാധിക്കുമെന്ന യാഥാർഥ്യമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
രോഗത്തെക്കുറിച്ച് ഓർത്തോർത്ത് സങ്കടപ്പെടുന്നതിൽ പ്രയോജനമില്ലെന്നും, വന്നതിനെ അതിജീവിച്ച് മുൻപോട്ട് പോവുകയാണ് വേണ്ടതെന്നുമാണ് ഇവരുടെ നിലപാട്.
ഇന്നും സമൂഹത്തിൽ വലിയൊരു വിഭാഗം ആളുകൾ ക്യാൻസറിനെ ഭയത്തോടെ കാണുകയും അത് പുറത്തുപറയാൻ മടിക്കുകയും ചെയ്യുന്നുണ്ട്. ഭയന്നുപിന്മാറുന്ന അത്തരം ആളുകൾക്ക് പ്രചോദനമാകാനും, ചുറ്റുമുള്ളവരിലേക്ക് പോസിറ്റിവിറ്റി പകരാനുമാണ് ഇവർ ഈ വീഡിയോ പങ്കുവെച്ചത്.
വീഡിയോ കണ്ടതിന് പിന്നാലെ നിരവധി ആളുകൾ മുൻകൈയെടുത്ത് രക്തപരിശോധനയും രോഗനിർണയവും നടത്തിയതായി അറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നിയെന്നും, ഇതൊരു വലിയ ബോധവൽക്കരണമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.
നിലവിൽ കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുന്ന ഡോ. താര, ഉത്കണ്ഠകൾക്കിടയിലും "ഇതും കടന്നുപോകും" എന്ന ഉറച്ച വിശ്വാസത്തോടെ അടുത്ത ഘട്ട ചികിത്സയ്ക്കായി തയ്യാറെടുക്കുകയാണ്.
Tags : Inspiration Positivity MindsetMatters HopeAndCourage ThisTooShallPass