റഷ്യയുടെ കിഴക്കൻ മേഖലയായ കാംചത്ക ഉപദ്വീപിൽ 50 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുക്കാറ്റ് ആഞ്ഞടിക്കുന്നതോടെ പ്രദേശം അക്ഷരാർഥത്തിൽ മഞ്ഞിനടിയിലായിരിക്കുകയാണ്.
1970-കൾക്ക് ശേഷം ഇത്രയും രൂക്ഷമായ പ്രകൃതിക്ഷോഭം മേഖലയിൽ ഇതാദ്യമായാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ജനുവരി 12-ന് പസഫിക് സമുദ്രത്തിൽ നിന്നും ഒഖോത്സ്ക് കടലിൽ നിന്നും രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റുകളാണ് ഈ ദുരന്തത്തിന് വഴിയൊരുക്കിയത്.
മണിക്കൂറിൽ കിലോമീറ്ററുകൾ വേഗത്തിൽ വീശിയടിക്കുന്ന കാറ്റും കനത്ത മഞ്ഞുവീഴ്ചയും കാരണം ജനജീവിതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
കാംചത്കയിലെ പ്രധാന നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ ബഹുനില കെട്ടിടങ്ങൾ പോലും മഞ്ഞുപാളികൾക്കിടയിൽ മുങ്ങിപ്പോയ അവസ്ഥയിലാണ്. കെട്ടിടങ്ങളുടെ രണ്ടാം നില വരെ ഉയരത്തിൽ മഞ്ഞ് അടിഞ്ഞുകൂടിയിരിക്കുന്നു.
താഴത്തെ നിലകളിലെ ജനലുകളും വാതിലുകളും പൂർണമായും മഞ്ഞിനടിയിലായതോടെ വീടുകൾക്കുള്ളിൽ കുടുങ്ങിയവർ പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
വീടിന് പുറത്തേക്ക് എത്താനായി മഞ്ഞുപാളികൾക്കിടയിലൂടെ തുരങ്കങ്ങൾ നിർമ്മിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും മറ്റ് യാത്രാസൗകര്യങ്ങളും പൂർണമായും മഞ്ഞിനടിയിൽ മറഞ്ഞുപോയി.
കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്ന് മഞ്ഞുപാളികൾ ഇടിഞ്ഞുവീണ് നഗരത്തിൽ രണ്ട് പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. അപകടസാധ്യത കണക്കിലെടുത്ത് നഗരത്തിൽ മേയർ യെവ്ജെനി ബെല്യായേവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആധുനിക കാലാവസ്ഥാ നിരീക്ഷണ ചരിത്രത്തിൽ തന്നെ ഏറ്റവും വിരളമായ സാഹചര്യമാണിതെന്ന് മേഖലയിലെ ഹൈഡ്രോമെറ്റീരിയോളജി സെന്റർ മേധാവി വേര പോളിയാക്കോവ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ അതിശക്തമായ കാറ്റും ഈർപ്പമുള്ള മഞ്ഞുമായതിനാൽ മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തികൾ ദുഷ്കരമായി തുടരുകയാണ്.
Tags : Snowstorm Blizzard ClimateCrisis ExtremeWeather NaturalDisaster