സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിയുടെയും സ്നേഹത്തിന്റെയും പൂത്തിരി കത്തിക്കുകയാണ് ഒരു കൊച്ചുമിടുക്കന്റെ രസകരമായ വീഡിയോ. നിത്യജീവിതത്തിലെ തികച്ചും സാധാരണമായ ഒരു നിമിഷം എങ്ങനെ അതിമനോഹരമായ ഒരു ഓർമ്മയാക്കാം എന്ന് ഈ കൊച്ചു വീഡിയോ കാണിച്ചുതരുന്നു.
വീട്ടിലെ ദൈനംദിന ജോലികൾക്കിടയിൽ ഉണ്ടാകുന്ന കേവലമൊരു താളത്തെ സ്വന്തം ഡാൻസ് ഫ്ലോറിലെ മാസ് ബീറ്റാക്കി മാറ്റിയിരിക്കുകയാണ് ഈ കൊച്ചുമിടുൻ. വീടിന്റെ ഉമ്മറത്ത് നിലത്തിരുന്ന് വലിയൊരു മുറത്തിൽ അരി പാറ്റുകയാണ് ഒരു സ്ത്രീ.
അരി വൃത്തിയാക്കാൻ അവർ മുറം കുലുക്കുമ്പോഴൊക്കെ കൃത്യമായ താളത്തിൽ ഒരു ശബ്ദം ഉയരുന്നുണ്ട്. ഈ സമയത്താണ് തൊട്ടുപിന്നിൽ നിൽക്കുന്ന കുട്ടിയുടെ വരവ്. അരി പാറ്റുന്ന ശബ്ദം കേൾക്കുന്ന നിമിഷം മുതൽ ആ താളത്തിനൊത്ത് കുട്ടി നൃത്തം ചെയ്യാൻ തുടങ്ങും.
എന്നാൽ ഒരു കോമഡി സിനിമയെ വെല്ലുന്ന രംഗങ്ങളാണ് പിന്നീട് നടക്കുന്നത്. അരി പാറ്റുന്നത് സ്ത്രീ നിർത്തുമ്പോൾ തന്നെ താളവും നിലയ്ക്കും, ആ നിമിഷം കുട്ടി ഒരു പ്രതിമ പോലെ അനങ്ങാതെ നിൽക്കും.
എന്തോ ശബ്ദം കേട്ട് സ്ത്രീ പുറകോട്ട് തിരിഞ്ഞുനോക്കുമ്പോൾ, താൻ അവിടെ വെറുതെ നിൽക്കുകയാണെന്ന മട്ടിൽ നിഷ്കളങ്കമായ ഒരു ഭാവവും വരുത്തിവെക്കും.
സംശയം തീർന്ന് അവർ വീണ്ടും അരി പാറ്റാൻ തുടങ്ങുന്നതോടെ, ഒട്ടും സമയം കളയാതെ കുട്ടി അടുത്ത റൗണ്ട് ഡാൻസിലേക്ക് കടക്കുകയും ചെയ്യും.
കുട്ടിയുടെ ഈ ഒളിച്ചു കളിയും കള്ളത്തരവും താളബോധവുമെല്ലാം ഒറ്റ ഫ്രെയിമിൽ കണ്ടതോടെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയിരിക്കുകയാണ് ഈ വീഡിയോ.
മനസിന് സന്തോഷം നൽകുന്ന ഇതുപോലുള്ള കൊച്ചു കൊച്ചു കാഴ്ചകളാണ് സോഷ്യൽ മീഡിയയിലെ യഥാർഥ സ്ട്രെസ് റിലീവറുകൾ എന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്.
Tags : ViralVideo TrendingNow ViralClip WholesomeContent MustWatch