മൈസൂർ നഗരത്തിലെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ എന്ന വിനാശകരമായ ശീലത്തിന് തടയിടാൻ മൈസൂരു സിറ്റി കോർപ്പറേഷൻ പരീക്ഷിച്ച വിചിത്രമായ മാർഗം ഇപ്പോൾ ചർച്ചയാവുകയാണ്.
നഗരത്തിലെ സബർബൻ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള മതിൽ കേന്ദ്രീകരിച്ച് ഏകദേശം 10 ലക്ഷത്തിനടുത്ത് രൂപ ചിലവാക്കി സ്റ്റെയിൻലെസ് സ്റ്റീലിന്റെ കണ്ണാടി പാനലുകൾ അധികൃതർ സ്ഥാപിച്ചിരുന്നു.
ഇവിടെ മൂത്രമൊഴിക്കാൻ എത്തുന്നവർക്ക് സ്വന്തം പ്രതിബിംബം കാണുമ്പോഴുണ്ടാകുന്ന നാണക്കേട് മൂലം ആ പ്രവർത്തിയിൽ നിന്ന് പിന്തിരിയുമെന്ന മനഃശാസ്ത്രപരമായ കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം. എന്നാൽ പദ്ധതി നടപ്പിലാക്കി ദിവസങ്ങൾക്കകം തന്നെ കോർപ്പറേഷന്റെ ഈ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.
എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച ഈ കണ്ണാടി മതിലിന് മുന്നിൽ ഒരാൾ യാതൊരു കൂസലുമില്ലാതെ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ പരീക്ഷണം പരാജയപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്.
പൊതുജനങ്ങൾ ഇയാളെ ചോദ്യം ചെയ്യുന്നതും പ്രകോപിതനായ ഒരു നാട്ടുകാരൻ ഇയാളെ തല്ലുന്നതും വീഡിയോയിൽ ദൃശ്യമാണ്. ചുറ്റുമുള്ളവർക്ക് താൻ ചെയ്യുന്നത് കാണാൻ സാധിക്കുമെന്ന ബോധം ഒരാളെ പിന്തിരിപ്പിക്കുമെന്ന അധികൃതരുടെ ധാരണ ഇതോടെ പാളി.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത പടർന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. മതിയായ പൊതുശൗചാലയങ്ങൾ ഒരുക്കാതെ ഇത്തരം പരീക്ഷണങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കുന്നതിനെ ഒരു വിഭാഗം വിമർശിക്കുന്നു.
കൃത്യമായി നികുതി പിരിക്കുമ്പോൾ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും, അല്ലാത്തപക്ഷം ഇത്തരം ശിക്ഷാ നടപടികൾ കൊണ്ട് മാത്രം കാര്യമുണ്ടാകില്ലെന്നും ഇവർ വാദിക്കുന്നു.
എന്നാൽ പൗരബോധമില്ലാത്ത ജനങ്ങളുടെ പെരുമാറ്റമാണ് വികസനത്തിന് തടസമെന്നും സ്വന്തം ഉത്തരവാദിത്തം മറന്ന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും മൈസൂരുവിലെ ഈ 'കണ്ണാടി മതിൽ' ഇപ്പോൾ രാജ്യത്തുടനീളമുള്ള ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Shame Doesn’t Work When There’s No Shame Left
— Karnataka Portfolio (@karnatakaportf) May 10, 2026
It hasn’t even been a week since mirrors were installed on this road in Mysuru to stop people from urinating in public. The idea was to create awareness and accountability.Yet, despite this, some people continue such behavior without… pic.twitter.com/3jL9ZOVMuw
Tags : Mysuru ViralVideo SocialExperiment PublicUrination CivicSense