തലസ്ഥാന നഗരിയിൽ വീണ്ടും സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സംഭവം. ഡൽഹിയിൽ സർവീസ് നടത്തുന്ന റാപ്പിഡോ ഓട്ടോ ഡ്രൈവർ യാത്രയ്ക്കിടയിൽ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുകയും മോശമായി പെരുമാറുകയും ചെയ്തതായി സവാരി ചെയ്യുകയായിരുന്ന യുവതി ആരോപിച്ചു.
തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ യുവതി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഞായറാഴ്ച രാത്രി 8:48-ഓടെ സഫ്ദർജംഗിൽ നിന്ന് യുവതി ടൗണിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.
ഒരു ട്രാഫിക് സിഗ്നലിൽ വെച്ച് ഡ്രൈവർ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് സമാന്തരമായി സഞ്ചരിച്ചിരുന്ന മറ്റൊരു ഇരുചക്രവാഹന യാത്രക്കാരിയുടെ ശ്രദ്ധയിൽപ്പെടുകയും അവർ യുവതിയെ വിവരമറിയിക്കുകയുമായിരുന്നു.
അപരിചിതയായ ആ യാത്രക്കാരി തനിക്ക് നൽകിയ സമയബന്ധിതമായ മുന്നറിയിപ്പ് വലിയൊരു അപകടത്തിൽ നിന്നാണ് തന്നെ രക്ഷിച്ചതെന്ന് യുവതി പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡ്രൈവറുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രയ്ക്കിടയിൽ തന്നെ യുവതി റാപ്പിഡോയുടെ സേഫ്റ്റി ടീമിനെ വിവരമറിയിച്ചിരുന്നെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു.
ഹൈവേയിലൂടെ ഒറ്റയ്ക്കുള്ള യാത്രയായതിനാലും സുരക്ഷിതമായി വീട്ടിലെത്തുക എന്നതിനായിരുന്നു മുൻഗണന എന്നതിനാലും വഴിമധ്യേ ഇറങ്ങിപ്പോകാനോ ഡ്രൈവറോട് അപ്പോൾ തന്നെ തർക്കിക്കാനോ യുവതി തുനിഞ്ഞില്ല.
അപകടകരമായ സാഹചര്യങ്ങളിൽപ്പെട്ട് നിൽക്കുമ്പോൾ സ്ത്രീകൾ എന്തുകൊണ്ട് പെട്ടെന്ന് പ്രതികരിക്കുന്നില്ല അല്ലെങ്കിൽ വാഹനം ഉപേക്ഷിച്ച് പോകുന്നില്ല എന്ന് ചോദിക്കുന്നവർക്ക്, തത്സമയത്തെ ഭയവും സ്വന്തം ജീവന്റെ സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത് എന്ന് യുവതി വ്യക്തമാക്കുന്നു.
യാത്രയുടെ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം യുവതി ഡ്രൈവറോട് കാര്യം തിരക്കിയപ്പോൾ താൻ വിദേശ വനിതകളുടെ വീഡിയോ കാണുകയായിരുന്നുവെന്ന വിചിത്രമായ മറുപടിയാണ് ഇയാൾ നൽകിയത്.
സംഭവത്തിൽ ആരോപണവിധേയനായ ഡ്രൈവറുടെ പേര് ഛോട്ടൂലാൽ കുമാർ യാദവ് എന്നാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസോ റാപ്പിഡോ അധികൃതരോ ഔദ്യോഗികമായി പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.
Tags : Delhi Rapido WomenSafety DelhiNews DelhiPolice BreakingNews