ഹരിയാനയിലെ പഞ്ചകുളയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ദാരുണമായ വ്യാവസായിക അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. വ്യവസായ മേഖല ഫേസ്-2 ലെ 310-ാം നമ്പർ പ്ലോട്ടിൽ പ്രവർത്തിക്കുന്ന മില്യംസ് എഞ്ചിനീയർ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
നാലാം നിലയിലെ ടെറസിലേക്ക് ജനറേറ്റർ ഉയർത്തുന്നതിനിടെ ക്രെയിനിന്റെ സന്തുലിതാവസ്ഥ പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. ഈ സമയം ജനറേറ്ററിന് മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികൾ അതിനൊപ്പം താഴേക്ക് തെറിച്ചുവീണതാണ് മരണത്തിന് കാരണം.
ബിഹാർ സ്വദേശിയായ മനീഷ്, ഹിമാചൽ പ്രദേശ് സ്വദേശിയായ നവീൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ രണ്ടുപേരെയും ഗുരുതരാവസ്ഥയിൽ സെക്ടർ-6 സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രെയിൻ പെട്ടെന്ന് നിയന്ത്രണം വിട്ട് വൈദ്യുത ലൈനുകളിലേക്ക് വീഴുന്നതും തുടര്ന്ന് തൊഴിലാളികൾ നിലത്തേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ജനറേറ്റർ വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുത തൂണിന് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി വിതരണം പൂർണമായി തടസപ്പെടുകയും ചെയ്തു. അപകടസമയത്ത് റോഡിൽ മറ്റ് യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സെക്ടർ-19 പോലീസ് സംഘം സ്ഥലത്തെത്തുകയും അപകടത്തിൽപ്പെട്ട ക്രെയിനും ജനറേറ്ററും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും, ഭാരമേറിയ ഉപകരണം ഉയർത്തുമ്പോൾ തൊഴിലാളികൾ അതിനുമുകളിൽ കയറിയിരുന്നത് എന്തിനാണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. മൃതദേഹങ്ങൾ നിലവിൽ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags : PanchkulaAccident HaryanaNews IndustrialAccident PanchkulaNews BreakingNews