ടെസ്ലയുടെ അത്യാധുനിക ഇലക്ട്രിക് വാഹനമായ സൈബർട്രക്കിന് ഇന്ത്യൻ ശൈലിയിലുള്ള വർണാഭമായ മേക്കോവർ നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
സാധാരണയായി സ്റ്റെയിൻലെസ് സ്റ്റീൽ ലുക്കിൽ കാണപ്പെടുന്ന ഈ വാഹനത്തിന് ഇന്ത്യൻ ദേശീയപാതകളിൽ സർവസാധാരണമായി കാണുന്ന ലോറികളുടെ പരമ്പരാഗത ചിത്രപ്പണികൾ നൽകിയാണ് പുനരവതരിപ്പിച്ചത്.
'ഒറിജിനൽ ഗ്ലോബൽ ഗ്രാഫിക്സ്' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ധാരാളം ആളുകളുടെ മനം കവർന്നു കഴിഞ്ഞു.
സൈബർട്രക്കിന്റെ മൂർച്ചയേറിയ വശങ്ങളിലും മുൻപിൻ ഭാഗങ്ങളിലുമായി തികച്ചും ആകർഷകമായ പുഷ്പാലങ്കാരങ്ങളും പരമ്പരാഗത ഡിസൈനുകളും വരച്ചുചേർത്തിരിക്കുകയാണ്.
ഇന്ത്യൻ ചരക്കുവാഹനങ്ങളിൽ കണ്ടുവരുന്ന "ദേഖോ മഗർ പ്യാർ സേ" എന്ന പ്രശസ്തമായ കുറിപ്പ് വാഹനത്തിന്റെ മുൻഭാഗത്ത് തന്നെ ആലേഖനം ചെയ്തിട്ടുമുണ്ട്.
ഭാവികാല രൂപകൽപ്പനയും ഭാരതീയ സംസ്കാരത്തിന്റെ വർണപ്പകിട്ടും തമ്മിലുള്ള ഈ വൈവിധ്യമാർന്ന കൂട്ടുകെട്ടിനെ വൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.
സൈബർട്രക്കിന്റെ വിരസമായ ഭാവം മാറി തികച്ചും മനോഹരമായ ഒരു കലാസൃഷ്ടിയായി ഇത് മാറിയെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യൻ ട്രക്കുകളുടെ പ്രധാന സവിശേഷതയായ 'ഹോൺ ഒകെ പ്ലീസ്' എന്ന ബോർഡ് കൂടി ഉൾപ്പെടുത്താമായിരുന്നുവെന്നും, ദൃഷ്ടിദോഷം മാറുവാൻ പച്ചമുളകും നാരങ്ങയും തൂക്കാമായിരുന്നുവെന്നും തമാശരൂപേണ കമന്റ് ചെയ്തവരും കുറവല്ല.
സാങ്കേതികവിദ്യയുടെയും പാരമ്പര്യ കലയുടെയും ഈ വേറിട്ട സംയോജനം വഴി ഏത് ഇന്ത്യൻ ഹൈവേയിലും തലയെടുപ്പോടെ ഓടിക്കാൻ അനുയോജ്യമായ രൂപത്തിലേക്ക് സൈബർട്രക്ക് മാറിയിരിക്കുകയാണ്.
Tags : TeslaCybertruck Cybertruck IndianTruckArt TeslaIndia DesiMakeover