അമേരിക്കയിൽ മുൻഭർത്താവിന്റെ സൈബർ പീഡനത്തിൽ നിന്ന് രക്ഷനേടാൻ യുവതിക്ക് പുതിയ വാഹനം വാങ്ങേണ്ടിവന്ന സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ഫോർബ്സ് മാധ്യമത്തിലൂടെ പുറത്തുവന്ന ഈ വാർത്ത പ്രകാരം ജെയ്ൻ എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ചത്.
മുൻഭർത്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ബിഎംഡബ്യു കാറാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖകൾ പ്രകാരം വാഹനം തന്റേതാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി പുതിയ ലോൺ എടുത്താണ് ഈ കാർ സ്വന്തമാക്കിയത്. എന്നാൽ വിവാഹമോചനത്തിന് ശേഷവും ഫോണിലെ 'My BMW' ആപ്പ് വഴി മുൻഭർത്താവ് വാഹനത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു.
മഴയത്ത് കാർ പാർക്ക് ചെയ്തിരിക്കുമ്പോൾ യാതൊരു കാരണവുമില്ലാതെ ജനലുകൾ തുറക്കുകയും കാറിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്യുക, എൻജിൻ തനിയെ സ്റ്റാർട്ടാവുക, തനിയെ ട്രങ്ക് തുറക്കുക തുടങ്ങിയ വിചിത്രമായ കാര്യങ്ങൾ നിരന്തരം നടന്നതോടെയാണ് യുവതിക്ക് സംശയം തോന്നിയത്.
തുടർന്നുള്ള പരിശോധനയിലാണ് മുൻഭർത്താവ് ആപ്പ് വഴി വാഹനം നിയന്ത്രിക്കുന്നുണ്ടെന്ന് വ്യക്തമായത്. ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി ബിഎംഡബ്യു ഡീലർഷിപ്പിനെ സമീപിക്കുകയും പൊലിസ് റിപ്പോർട്ടുകൾ, സംരക്ഷണ ഉത്തരവുകൾ, വിവാഹമോചന രേഖകൾ, ഉടമസ്ഥാവകാശ രേഖകൾ എന്നിവ ഹാജരാക്കുകയും ചെയ്തു.
എന്നാൽ മുൻഭർത്താവിന്റെ വാഹനത്തിലുള്ള ആപ്പ് ആക്സസ് നീക്കം ചെയ്യാൻ ഡീലർഷിപ്പിന് കഴിയില്ലെന്നും പുതിയ കാർ വാങ്ങുന്നതാണ് ഏക പോം വഴിയെന്നുമാണ് അധികൃതർ മറുപടി നൽകിയത്. മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് ലക്ഷക്കണക്കിന് രൂപ മുടക്കി മറ്റൊരു വാഹനം വാങ്ങാൻ ജെയ്ൻ നിർബന്ധിതയായത്.
പഴയ വാഹനത്തിന്റെ ബാക്കി വായ്പയായി 10,000 ഡോളർ കൂടി അടച്ചുതീർക്കേണ്ടി വന്നതായും ഇനി മേലിൽ ബിഎംഡബ്യു ബ്രാന്റിലുള്ള വാഹനങ്ങൾ വാങ്ങില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മുൻഭർത്താവ് നിലവിൽ ജയിലിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, വ്യക്തിഗത സുരക്ഷാ പരാതികൾ ഗൗരവമായി കാണാറുണ്ടെന്നും എന്നാൽ ജെയ്ൻ പറഞ്ഞത് പോലുള്ള ഒരു പരാതി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ബിഎംഡബ്ല്യു കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
Tags : CyberStalking BMWApp AutomotiveTech TechNews ViralNews