ഇൻസ്റ്റന്റ് നൂഡിൽസ് ഉണ്ടാക്കുന്നതിനേക്കാൾ വേഗത്തിൽ ഭൂമിയിൽ 'കർമ്മ' പ്രവർത്തിക്കുമെന്ന് തെളിയിക്കുന്ന ഒരു ഒന്നൊന്നര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം തീർക്കുന്നത്.
ഒരു അടുക്കളയിൽ യുവാവ് തയ്യാറാക്കിക്കൊണ്ടിരുന്ന പുകയുന്ന ചൂടുള്ള നൂഡിൽസ് അല്പം രുചിച്ചുനോക്കാൻ പാത്രവുമായി ചെന്നതായിരുന്നു ഒരു കൊച്ചു പയ്യൻ. യുവാവ് സ്നേഹത്തോടെ പാത്രത്തിലേക്ക് നൂഡിൽസ് പകർന്നു നൽകിയ അതേ സെക്കൻഡിലാണ് അവിടെ ഒരു വില്ലന്റെ രംഗപ്രവേശം.
ആ കൊച്ചുപയ്യന്റെ കൈയിലിരുന്ന പാത്രം ഈ പയ്യൻ ഒറ്റത്തട്ടിന് തട്ടിമാറ്റി. തിളയ്ക്കുന്ന നൂഡിൽസ് നേരെ വീണത് പാവം കുട്ടിയുടെ കയ്യിലേക്കായിരുന്നു. കൈ പൊള്ളിയ വേദനയിൽ ആ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ, താൻ ചെയ്ത വലിയ 'പരാക്രമം' ആസ്വദിച്ച് അവൻ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി.
സിനിമകളിലെ വില്ലന്മാരെപ്പോലെ കൈകൊട്ടി ചിരിച്ച അവന് പക്ഷേ അടുത്ത നിമിഷം തനിക്ക് വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.
വേദനകൊണ്ട് കരയുമ്പോഴും പ്രതികാരം വീട്ടാൻ ഒട്ടും സമയം കളയാതിരുന്ന ഇരയായ പയ്യൻ, കൈയ്യിലിരുന്ന ആ ചൂടു നൂഡിൽസ് മുഴുവൻ ചിരിച്ചു മറിഞ്ഞ അവന്റെ നിക്കറിനുള്ളിലേക്ക് അങ്ങിട്ടു.
നിക്കറിനുള്ളിൽ പെട്ടെന്ന് 'അഗ്നിപർവ്വതം' പൊട്ടിയ ഭാവത്തോടെ അതുവരെ ചിരിച്ചവന്റെ മുഖം മാറി. നൂഡിൽസിന്റെ ചൂടിൽ ഇരിപ്പുറയ്ക്കാതെ, കരഞ്ഞ് നിലവിളിച്ച് അവൻ അടുക്കളയിലൂടെ വട്ടത്തിൽ ഓടുന്ന കാഴ്ച കണ്ട് അതുവരെ സങ്കടപ്പെട്ടിരുന്ന കൊച്ചുപയ്യനും യുവാവും ചിരിയോട് ചിരി.
ഇൻസ്റ്റന്റ് നൂഡിൽസിന് ഇൻസ്റ്റന്റ് കർമ്മ കിട്ടിയെന്നും, സെക്കൻഡുകൾക്കുള്ളിൽ പ്രതികാരം വീട്ടിയ ആ ചെറിയ പയ്യനാണ് യഥാർഥ ഹീറോയെന്നും പറഞ്ഞുകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇപ്പോൾ ഷെയർ ചെയ്യുന്നത്.
Tags : InstantKarma ViralVideo TrendingNow KarmaIsABoomerang CaughtOnCamera