ഭീതിജനകമായ മിന്നൽപ്രളയത്തിൽ നേപ്പാൾ വിറങ്ങലിച്ചു നിൽക്കുകയാണ്. നൂറുകണക്കിന് ജീവനുകൾ പൊലിയുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത വാർത്തകൾക്കിടയിലും, കണ്ണ് നനയിക്കുന്നതോടൊപ്പം ഹൃദയത്തിന് ആശ്വാസം നൽകുന്നൊരു അതിജീവന കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രളയത്തിന്റെ വന്യതയെയും അതിർത്തികളെയും ഭേദിച്ച് ജീവനുംകൊണ്ടോടിയ രണ്ട് ഗോൾഡൻ റിട്രീവർ നായ്ക്കൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കവരുകയാണ്.
നേപ്പാളിലെ പ്രളയജലത്തിൽപ്പെട്ട് കിലോമീറ്ററുകളോളം നീന്തിയ ഈ നായ്ക്കൾ ഒടുവിൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുള്ള ഒരു അതിർത്തി ഗ്രാമത്തിലാണ് കരയ്ക്കുകയറിയത്. ഭയന്നുവിറച്ച് ഗ്രാമത്തിലെത്തിയ ഇവയെ കണ്ട ഗ്രാമീണർ ഉടൻതന്നെ സംരക്ഷണം നൽകുകയായിരുന്നു.
ഇതിലൊരു നായയുടെ കണ്ണിന് ചെറിയ പരിക്കേറ്റിട്ടുണ്ടെങ്കിലും മനുഷ്യരോട് വളരെ വേഗം ഇണങ്ങുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. അതിനാൽത്തന്നെ ഇവയെ ആരോ പ്രാണനെപ്പോലെ വളർത്തിയ വളർത്തുമൃഗങ്ങളാണെന്ന് വ്യക്തമാണ്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഷഹ്സാദ് അഹമ്മദ് പങ്കുവെച്ച നായ്ക്കളുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിശന്നു വലഞ്ഞെത്തിയ ഈ നായ്ക്കൾക്ക് ഗ്രാമീണർ സ്നേഹത്തോടെ ഭക്ഷണവും അഭയവും നൽകുന്ന രംഗങ്ങൾ മനുഷ്യത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു.
പ്രളയച്ചുഴിയിൽപ്പെട്ട് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുടുംബത്തിലേക്ക് ഇവയെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദുരന്തത്തിന്റെ മഹാ ഗർത്തത്തിനിടയിലും സ്നേഹത്തിന്റെ ഈ വേറിട്ട കാഴ്ച ഏവർക്കും വലിയൊരു പ്രത്യാശയായി മാറുകയാണ്.
Tags : NepalFloods GoldenRetriever DogRescue HopeInDisaster ViralNews