കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തി.
വോട്ടെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകാൻ മണ്ഡലങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ നികുഞ്ച് കുമാർ ശ്രീവാസ്തവ, ചെലവ് നിരീക്ഷകൻ കൈലാസ് പി. ഗെയ്ക് വാദ് എന്നിവർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദേശം നൽകി.
നിയോജക മണ്ഡലത്തിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും സെക്ടർ ഓഫീസർമാർ സന്ദർശിക്കുകയും പോളിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. ഇവിഎം/വിവിപാറ്റ് യന്ത്രങ്ങൾ, പോളിംഗ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ വിന്യാസം ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അവലോകന യോഗത്തിൽ നിരീക്ഷകർ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ, അവശ്യ സർവീസിലുള്ളവർ, സർവീസ് വോട്ടർമാർ എന്നിവർക്ക് തപാൽ ബാലറ്റ് ഉറപ്പാക്കണം.
വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഗതാഗത സൗകര്യവും ആശയ വിനിമയ സംവിധാനങ്ങളും തയാറാക്കണം. കുടിവെള്ളം, പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങൾ, തണൽ എന്നീ സൗകര്യങ്ങൾ ഒരുക്കമെന്നും നിർദേശിച്ചു.
വയനാട് ലോക്സഭാ മണ്ഡത്തിലെ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പ് നിരീക്ഷകർ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയകളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് വ്യക്തമാക്കി. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്പോഴും സ്വീകരിക്കുന്പോഴും സുഗമമായ രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ ഒരുക്കിയ ക്രമീകരണങ്ങൾ സംബന്ധിച്ച് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ വിശദീകരിച്ചു. പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തൽ, പെയ്ഡ് ന്യൂസ് നിരീക്ഷണം, മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് എംസിഎംസി നോഡൽ ഓഫീസർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു യോഗത്തിൽ പറഞ്ഞു.
വെബ്കാസ്റ്റിംഗ് കണ്ട്രോൾ റൂം പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആവശ്യമായ പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. നിവേദ് വ്യക്തമാക്കി. ആസൂത്രണ ഭവൻ എപിജെ ഹാളിൽ ചേർന്ന യോഗത്തിൽ എംസിസി നോഡൽ ഓഫീസർ കൂടിയായ എഡിഎം കെ. ദേവകി, മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും സബ് കളക്ടറുമായ മിസാൽ സാഗർ ഭരത്, മലപ്പുറം അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി, കൽപ്പറ്റ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ സി. മുഹമ്മദ് റഫീഖ്, ബത്തേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഇ. അനിതകുമാരി, വിവിധ നോഡൽ ഓഫീസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.