അച്ചടക്ക നടപടി പ്രതീക്ഷിച്ച് ചുമതല കൈമാറി ഡോ. ഹാരിസ്
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് മന്ത്രി വീണാ ജോർജിനു കൈമാറും. കഴിഞ്ഞ ദിവസം സമിതി പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയിരുന്നു.
താൻ നടത്തിയത് അച്ചടക്കലംഘനമാണെന്നു സ്വയം ബോധ്യമുണ്ടെന്നും അതിനാൽ സസ്പെൻഷനോ സ്ഥലംമാറ്റമോ മുന്നിൽ കണ്ടു യൂറോളജി വിഭാഗം യൂണിറ്റിന്റെ ചുമതല ജൂനിയർ ഡോക്ടർക്കു കൈമാറിയതായും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. നടപടിയുണ്ടായാൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണു ചുമതല കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ആശുപത്രി വികസനസമിതിയുടെ ഫണ്ട് ഉപയോഗിച്ചുള്ള മരുന്നുവാങ്ങലിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതടക്കമുള്ള ശിപാർശകളാണ് അന്വേഷണസംഘം നൽകിയിട്ടുള്ളതെന്നാണു വിവരം.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിൽ സർവീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്ന ശിപാർശയോടെയാകും മന്ത്രിക്കു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകുക.