മുൻ എംഎൽഎ പി. നാരായണൻ അന്തരിച്ചു
Friday, August 7, 2020 12:24 AM IST
വൈക്കം: വൈക്കം മുൻ എംഎൽഎയും സിപിഐ നേ താവുമായ പി. നാരായണൻ (68) അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലർച്ചെയാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനു വൈക്കം നഗരസഭാ പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
1998ൽ വൈക്കം എംഎൽഎ ആയിരുന്ന എം.കെ. കേശവൻ മരിച്ചതിനെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണു പി. നാരായണൻ എംഎൽഎയായത്. 2000 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലും വിജയിച്ചു.
ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ നിർമാണ വേളയിൽ ഒരു തൊഴിലാളിയായി പണിയെടുത്ത പി. നാരായണൻ പിന്നീട് ആ ജനപ്രതിനിധി സഭയിലെ സാമാജികനായി എത്തിയെന്ന അപൂർവതയുമുണ്ട്. വൈക്കത്തെ വിവിധ വികസന പ്രവർത്തനങ്ങളിലൂടെ പൊതുധാരയിലേക്ക് എത്തിച്ചതിലൂടെ അദ്ദേഹം ജനകീയ എംഎൽഎയായി. തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗവുമായിരുന്നു. സിപിഐ വൈക്കം ടൗണ്‍ ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച പി. നാരായണൻ വൈക്കം നഗരസഭാ വൈസ്ചെയർമാനുമായിരുന്നു.
ഭാര്യ: രാധ. മക്കൾ: അനിൽകുമാർ, അനീഷ്, അന്പിളി. മരുമക്കൾ: കവിത, ടിനു, ബാബുരാജ്.