നീരൊഴുക്ക് ശക്തമായി; ഇടുക്കിയും മുല്ലപ്പെരിയാറും കൂടുതൽ തുറന്നു
Tuesday, August 9, 2022 2:06 AM IST
തൊടുപുഴ:ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾകൂടി ഇന്നലെ ഉയർത്തി.
ഞായറാഴ്ച മൂന്നു ഷട്ടറുകൾ 70 സെന്റിമീറ്റർ തുറന്നതിനു പിന്നാലെയാണിത്. ഇന്നലെ രാവിലെ ഈ ഷട്ടറുകൾ 80 സെന്റിമീറ്ററാക്കി ഉയർത്തി സെക്കൻഡിൽ 1.5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടായില്ല. ഇതേത്തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് ഈ ഷട്ടറുകൾ 100 സെന്റിമീറ്ററാക്കി ഉയർത്തി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് രണ്ടു ലക്ഷം ലിറ്ററാക്കി.
വൈകുന്നേരം അഞ്ചിന് രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 120 സെന്റിമീറ്ററും ഒന്നും അഞ്ചും ഷട്ടറുകൾ 40 സെന്റിമീറ്ററും ഉയർത്തി സെക്കൻഡിൽ മൂന്നു ലക്ഷം ലിറ്റർ വീതം വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. ഇതോടെ ചെറുതോണി, തടിയന്പാട് മേഖലകളിൽ വെള്ളം കൂടി. തടിയന്പാട് ചപ്പാത്ത് വെള്ളത്തിൽമുങ്ങി. പെരിയാർ തീരത്തെ നിരവധി വീടുകളിലും വെള്ളം കയറി. പ്രദേശത്തെ ആളുകളെ നേരത്തേതന്നെ മാറ്റിപാർപ്പിച്ചിരുന്നു. ജലനിരപ്പുകുറഞ്ഞി ല്ലെങ്കിൽ ഇന്നു വീണ്ടും ഷട്ടറുകൾ കൂടുതൽ ഉയർത്തി സെക്കൻഡിൽ അഞ്ചുലക്ഷം ലിറ്ററാക്കി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാറിൽനിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി വർധിപ്പിച്ചിട്ടും ജലനിരപ്പ് കുറയാത്തതിനാൽ ഇന്നു കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. രാവിലെ 7.30നാണ് പത്തുഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. ഇതോടെ വണ്ടിപ്പെരിയാർ മേഖലയിൽ ഏഴു വീടുകളിൽ വെള്ളം കയറി. പദ്ധതി പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യമാണ്.
കക്കി, പന്പ സംഭരണികൾ തുറന്നു
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട്, പന്പ ജലസംഭരണികളുടെ ഷട്ടറുകൾ തുറന്നു. കക്കി - ആനത്തോട് സംഭരണിയുടെ നാല് ഷട്ടറുകളാണ് ഇന്നലെ തുറന്നത്. വൈകുന്നേരം പന്പ സംഭരണിയുടെ രണ്ട് ഷട്ടറുകളും തുറന്നു.