അരിക്കൊന്പനെ അരികൊണ്ടു വീഴ്ത്തും; 25ന് മയക്കുവെടിയെന്ന് വനംവകുപ്പ്
Wednesday, March 22, 2023 12:12 AM IST
മൂന്നാര്‍: ചിന്നക്കനാല്‍, ശാന്തമ്പാറ മേഖലകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഭീഷണി സൃഷ്ടിച്ചുവരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പൂട്ടാനുള്ള പദ്ധതി തയാർ. മൂന്നാറില്‍ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അന്തിമതീരുമാനം. പോലീസ്, അഗ്നിശമന സേന, റവന്യു തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയും ജനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക. 25നു പുലര്‍ച്ചെ നാലിനു മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
ദൗത്യം നടപ്പിലാക്കുന്ന ദിവസം ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. സിമന്റ് പാലത്തിനു സമീപം അരിക്കൊമ്പന് തകര്‍ത്ത വീട്ടില്‍ റേഷന്‍ കടയ്ക്കു സമാനമായ സാഹചര്യങ്ങള്‍ ഒരുക്കിയാണ് ഒറ്റയാനെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ അരിയും മറ്റും സ്റ്റോക്ക് ചെയ്ത് ആള്ത്താമസമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ആനയെ ഇവിടേക്ക് ആകര്‍ഷിക്കും. 71 അംഗ ദൗത്യസേന 11 ടീമുകളായി തിരിഞ്ഞാണു ദൗത്യം പൂര്‍ത്തിയാക്കുക.
നാലു കുങ്കിയാനകളെയാണ് ദൗത്യത്തിനായി എത്തിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എല്ലാ കുങ്കിയാനകളെയും ചിന്നക്കനാലില്‍ എത്തിക്കും. കുങ്കിയാന വിക്രം എത്തിയിട്ടുണ്ട്.
24ന് സിമന്റ് പാലത്ത് മോക് ഡ്രില്‍ നടക്കും. ദൗത്യസമയത്ത് ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തും. മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രമേഷ് ബിഷ്ണോയ്, ചീഫ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സക്കറിയ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തു.
അരിക്കൊന്പൻ രണ്ടു വീടുകള്‍കൂടി തകര്‍ത്തു
രാജകുമാരി: 25ന് കൂട്ടിലാക്കാനുള്ള ശ്രമം നടക്കുമ്പോഴും ആക്രമണം തുടർന്ന് അരിക്കൊമ്പൻ. കഴിഞ്ഞ രാത്രിയിൽ പെരിയകനാലിലാണ് കാട്ടാന നാശം വിതച്ചത്. അമ്പാട്ട് വിജയന്റെയും അഷറഫ് എന്നയാളുടെ തോട്ടത്തിലെ തൊഴിലാളികളുടെ വീടുമാണ് തകര്‍ത്തത്.
സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരനായ അമ്പാട്ട് വിജയന്റെ വീടിനു നേരെ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി. പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കട പൂര്‍ണമായും തകർത്തതിനെത്തുടര്‍ന്ന് ഇവിടെ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നു. ഇതോടെയാണ് അരിക്കൊമ്പന് കൂടുതല്‍ ആക്രമണം തുടങ്ങിയത്.