നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ്: ഹര്‍ജി മാറ്റി
Saturday, May 27, 2023 1:05 AM IST
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 31ന് പരിഗണിക്കാനായി മാറ്റി. കേസില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് സാക്ഷികളില്‍നിന്നു തെളിവെടുക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി മാറ്റിയത്.
നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് പെരിന്തല്‍മണ്ണയില്‍നിന്നു ജയിച്ചത്. 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണാതെ മാറ്റിവച്ചെന്നും ഇതില്‍ 300ഓളം വോട്ടുകള്‍ തനിക്കു ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ തെരഞ്ഞെടുപ്പു രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കാണാതെ പോയി. പിന്നീട് മലപ്പുറത്തെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍നിന്ന് ഇവ കണ്ടെടുത്തു ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.