ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 50 വീടുകൾ കൈമാറി
Sunday, June 1, 2025 2:33 AM IST
കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ "ജോയ് ഹോംസ്' പദ്ധതിയുടെ ഭാഗമായി നിർമിച്ച 50 വീടുകൾ കർണാടകയിലെ അർഹരായ കുടുംബങ്ങൾക്കു കൈമാറി. ബംഗളൂരുവിലെ നിംഹാൻസ് കണ്വെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര താക്കോൽദാനം നിർവഹിച്ചു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് അധ്യക്ഷത വഹിച്ചു. സാമൂഹികവും സാന്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി സുരക്ഷിതമായ ഭവനങ്ങൾ നിർമിച്ചു കൈമാറുക എന്നതാണ് "ജോയ് ഹോംസ്' പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് "ജോയ് ഹോംസ്' എന്ന പദ്ധതി നടപ്പാക്കിവരുന്നത്.
ഇതുവരെ 414 വീടുകൾ പദ്ധതിയിലൂടെ കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിർമിച്ച് ഗുണഭോക്താക്കൾക്കു കൈമാറിയത്.
ഈ പദ്ധതിയുടെ കീഴിൽ 500 ചതുരശ്ര അടിയോളം വിസ്തീർണത്തിൽ നിർമിച്ച ഓരോ വീടിന്റെയും നിർമാണച്ചെലവ് 7.5 ലക്ഷമാണ്. പ്രകൃതിദുരന്തങ്ങൾ അതിജീവിച്ചവരെയും എൻഡോസൾഫാൻ ബാധിതരെയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ പദ്ധതിയുടെ ഭാഗമായി തെലുങ്കാനയിൽ പുതുതായി 50 വീടുകൾകൂടി നിർമിച്ചുനൽകുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.
ചടങ്ങിൽ എമ്മാർ പ്രോപ്പർട്ടീസിന്റെ സിഇഒ മുഹമ്മദ് റിഹാൻ നവാബ്, കെഎസ്ആർടിസി വൈസ് ചെയർമാൻ മുഹമ്മദ് റിസ്വാൻ നവാബ്, ബംഗളൂരു ജ്വല്ലേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ചേതൻ കുമാർ മെഹ്ത, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.