ഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ
Sunday, June 1, 2025 2:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും.
കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതിയുടെ ശിപാർശയിൽ ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി ഒപ്പുവച്ചതോടെയാണ് സമയ മാറ്റം ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിന് അംഗീകാരമായത്.
ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും ആറു ശനിയാഴ്ചകളും കൂട്ടിച്ചേർത്തത് ഹൈസ്കൂളിൽ 204 അധ്യയന ദിവസങ്ങൾ ലഭിക്കുക.
എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും രണ്ട് ശനിയാഴ്ചകൾകൂടി ഉൾപ്പെടുത്തി 200 അധ്യയന ദിവസങ്ങൾ ആവും ഉണ്ടാവുക. 1000 പഠന മണിക്കൂറുകളാണ് യുപി വിഭാഗത്തിലുണ്ടാവുക.
ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമായി ക്ലാസ് സമയത്തിൽ മാറ്റം വരുത്തുന്പോൾ സ്കൂൾ ബസ് ക്രമീകരണം ഉൾപ്പെയെയുള്ള കാര്യങ്ങളിൽ അതാത് സ്കൂളുകൾ അധികൃതർക്ക് പ്രതിസന്ധി ഉണ്ടാക്കാനും സാധ്യതയുണ്ട്.