കൽപ്പറ്റ: കബനി ജലത്തിൽ കേരളത്തിനു അവകാശപ്പെട്ട വിഹിതത്തിന്റെ ഭാഗം ഉപയോഗപ്പെടുത്തുന്നതിനും പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വേനലിലും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും വിഭാവനം ചെയ്ത കടമാൻതോട് പദ്ധതിയുമായി ജലവിഭവ വകുപ്പും സർക്കാരും മുന്നോട്ടുപോകുന്നതിനെ അനുകൂലിച്ചും എതിർത്തും ജനം.
കടമാൻതോട് പദ്ധതിക്കു ഡിപിആർ തയാറാക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകിയ വിവരം പുറത്തുവന്നതോടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ആളുകൾ ഭിന്ന ചേരികളിലായി. സർക്കാർ നടപടി സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന നിലപാടിലാണ്. എന്നാൽ കുടിയേറ്റപ്രദേശങ്ങളിൽ ജനജീവിതത്തിന്റെ ഗതിമാറ്റത്തിനു കാരണമാകുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന പക്ഷത്തിലാണ് മറുവിഭാഗം.
1990ൽ രൂപീകരിച്ച കാവേരി നദീജലതർക്ക ട്രിബ്യൂണലിന്റെ 2007ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തിൽ 21 ടിഎംസി വയനാടിനു അവകാശപ്പെട്ടതാണ്. ഇതിൽ ഏകദേശം ഒന്പത് ടിഎംസി വെള്ളമാണ് ബാണാസുര, കാരാപ്പുഴ അണകളിലടക്കം ജില്ലയിൽ ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം പ്രയോജനപ്പെടുത്തുന്നതിന് വിഭാവനം ചെയ്തതിൽ പ്രധാനപ്പെട്ടതാണ് കടമാൻ തോട് പദ്ധതി.
മാനന്തവാടി എടവക തൊണ്ടാർ പദ്ധതിയും ജലിവിഭവ വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്. ഈ പദ്ധതിക്കു ഡിപിആർ തയാറാക്കുന്നതിനും ഭരണാനുമതിയായിട്ടുണ്ട്. ജില്ലയുടെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ മഴ ലഭിക്കുന്നതാണ് കർണാടകയോടു ചേർന്നുള്ള മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകൾ. വേനൽക്കാലങ്ങളിൽ രണ്ട് പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വരൾച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും പിടിയിലാകാറുണ്ട്. അതിനാൽ കടമാൻ തോട് പദ്ധതി അനിവാര്യതയാണെന്നാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ ജനങ്ങളുടെ പൊതു അഭിപ്രായം.
പുൽപ്പള്ളി പഞ്ചായത്ത് നിവാസികളിൽ ഭൂരിപക്ഷവും ഇതോടു യോജിക്കുന്നവരാണ്. എന്നാൽ പുൽപ്പള്ളി ആനപ്പാറയ്ക്കു സമീപം അണക്കെട്ട് നിർമിക്കുന്നതോടെ മുങ്ങിപ്പോകുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ നല്ലൊരു പങ്കും പദ്ധതിക്ക് എതിരാണ്. ഡാം വിരുദ്ധ സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്ന ഇവർക്ക് പുൽപ്പള്ളിയിലെ കോണ്ഗ്രസ് നേതാക്കളിൽ ചിലരുടെയും വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെ ഏതാനും പരിസ്ഥിതി സംഘടനകളുടെയും പിന്തുണയുണ്ട്.
കടമാൻതോട് പദ്ധതിയുടെ ഭൂതല, ലിഡാർ സർവേ നേരത്തേ പൂർത്തിയായതാണ്. 2023 നവംബറിലാണ് ലിഡാർ സർവേ അവസാനിച്ചത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കന്പനിയാണ് സർവേ നടത്തിയത്. പ്രദേശത്തിന്റെ ഭൂഘടന, കെട്ടിടങ്ങൾ, റോഡുകൾ, തോടുകൾ, കൃഷിസ്ഥലങ്ങൾ, ആയക്കെട്ട് ഏരിയ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണം സർവേയുടെ ഭാഗമായി നടന്നു. ഭൂതല, ലിഡാർ സർവേ റിപ്പോർട്ടുകൾ സംയോജിപ്പിച്ചണ് പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കേണ്ടത്.
കടമാൻതോട് പദ്ധതി നടപ്പാക്കണമെന്നാണ്പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിലെ എൽഡിഎഫ് നേതക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. നാടിന്റെയും ജനങ്ങളുടെയും ഭാവിയെ സംബന്ധിച്ചിടത്തോളം പദ്ധതി സുപ്രധാനമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി ഏരിയ മുൻ സെക്രട്ടറിയുമായ എം.എസ്. സുരേഷ്ബാബു പറഞ്ഞു. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചും മുങ്ങിപ്പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ കൈവശമുള്ള ഭൂമിയും മറ്റു സ്വത്തുക്കളും ഏറ്റവും ഉയർന്ന വിലയും നഷ്ടപരിഹാരവും നൽകി ഏറ്റെടുത്തും പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനഹിതം കണക്കിലെടുക്കാതെയാണ് പദ്ധതി പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഡാം വിരുദ്ധ കർമ സമിതി ചെയർമാൻ ബേബി തയ്യിൽ പറഞ്ഞു. സമിതി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പദ്ധതിയെ എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് ചെറുകിട പദ്ധതികൾ പര്യാപ്തമാണെന്ന് ബേബി പറഞ്ഞു.
വയനാടിനും കർഷകർക്കും ആവശ്യമുള്ളതല്ല കടമാൻതോട്, തൊണ്ടാർ പദ്ധതികളെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ പറഞ്ഞു. ജില്ലയിൽ കാരാപ്പുഴയിലും പടിഞ്ഞാറത്തറയിലും വൻകിട ജല പദ്ധതികളുണ്ട്. മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തിയിൽനിന്നു ഏറെ അകലെയല്ല കർണാടകയിലെ ബീച്ചനഹള്ളി ഡാം.
ഇനിയും വൻകിട അണകളെ താങ്ങാനുള്ള ശേഷി ജില്ലയ്ക്കില്ല. ഗൂഢ താത്പര്യങ്ങൾ ഉള്ളവർക്കാണ് കടമാൻതോട് പദ്ധതി നടപ്പാക്കണമെന്ന നിർബന്ധം. ഇക്കൂട്ടത്തിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കരാറുകാരും ഉണ്ട്. കബനി ജലം പ്രയോജനപ്പെടുത്തുന്നതിന് ചെറുകിട കുടിവെള്ള, ജലസേചന പദ്ധതികളാണ് ആവശ്യമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.