കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെയും(നോംറ്റോ) കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെയും മെട്രോ മാർട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ നവംബർ 15, 16 തിയതികളിൽ കണ്ണൂർ എയർപോർട്ടിൽ നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൾ നിന്നുള്ള അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാരും ഉത്തരമലബാറിലെ ടൂറിസം സംരംഭകരും പങ്കെടുക്കും. ആകർഷകമായ നോർത്ത് മലബാർ ടൂറിസം സർക്യൂട്ടുകൾ മേളയിൽ ആവിഷ്കരിക്കും.
സ്പിരിച്വൽ ടൂറിസം, ക്രൂയിസ് ടൂറിസം, ഹെൽത്ത് ടൂറിസം, മൈസ് ആന്റ് വെഡിംഗ് ടൂറിസം, വെൽനസ് ടൂറിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ നടക്കും. വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള നൂറോളം സ്ഥാപങ്ങൾ ഉത്പന്നങ്ങളും സേവനങ്ങളും ടൂർ ഓപ്പറേറ്റർമാരുടെ മുന്നിൽ അവതരിപ്പിക്കും. നോർത്ത് മലബാറിന്റെ രുചി വൈവിധ്യം.സാംസ്കാരിക തനിമ, നാടൻ കലാരൂപങ്ങൾ തുടങ്ങിയവയും ടൂർ ഓപ്പറേറ്റർമാരെ പരിചയപ്പെടുത്തും.
ഉത്തരമലബാറിലേക്കുള്ള എയർലൈൻ കണക്ട്വിറ്റി പരമാവധി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് വേണ്ട പരമാവധി സൗകര്യങ്ങൾ കണ്ണൂർ എയർപോർട്ട് ഉറപ്പ് വരുത്തുന്നുണ്ടെന്നും ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളെല്ലാം എയർപോർട്ടിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ആയുർവേദ പഞ്ചകർമ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ടൂർ പ്ലാനർമാർ, മൈസ് പ്ലാനേഴ്സ്, ഹോസ്പിറ്റലുകൾ, ഡസ്റ്റിനേഷൻ മാനേജ്മെന്റ് ഏജൻസികൾ, ഫാം ടൂറിസം പ്രൊമോട്ടേഴ്സ് എന്നിവരുടെ സ്റ്റാളുകൾ ഉണ്ടാകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.nmtb.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഫോൺ: 9947733339, 9995139933. പത്രസമ്മേളനത്തിൽ നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്ഗനൈസേഷന് രക്ഷാധികാരി പത്മശ്രീ എസ്.ആര്.ഡി.പ്രസാദ്, പ്രസിഡന്റ് ടി.കെ.രമേഷ് കുമാര്‍, മെട്രോ മാര്‍ട്ട് സിഇഒ സിജി നായര്‍, ചേംബർ സെക്രട്ടറി സി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സച്ചിന് സൂര്യകാന്ത്, ട്രഷറർ കെ.,നാരായണന് കുട്ടി, ടി.വി.മധുകുമാര്‍, കെ.കെ.പ്രദീപ് എന്നവരും പങ്കെടുത്തു.