കൊല്ലം: ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങളായി. ബലിതർപ്പണ ചടങ്ങുകൾ സുരക്ഷിതമായി നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും ക്രമീകരണങ്ങൾ ആരംഭിച്ചു.
അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ 24 ന് രാവിലെ നാലിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കുമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും കല്ലടയാറും അറബിക്കടലും ഒരുമിക്കുന്ന ത്രിവേണി സംഗമത്തിലാണ് പിതൃക്കൾക്ക് ബലിയിടുന്നത്. ശാന്തിമാരായ വന്മള പി.വി.വിശ്വനാഥൻ, വി.ഷിബു എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഒരു വരിയിൽ 1000 പേർ വീതം രണ്ടു വരിയിലായി ഒരേ സമയം 2000 പേർക്ക് ബലിയിടുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിൽ തിലഹോമം നടത്തുന്നതിന് മേൽശാന്തി തൃക്കരുവ സുകുമാരൻ, നിത്യശാന്തി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പിതൃതർപ്പണം നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൃക്കരുവ പിഎച്ച് സെന്ററിലെ മെഡിക്കൽ ടീമിന്റെ സേവനവും ഉണ്ടാകും. കായലിൽ ബലിയിടുന്നവരെ സഹായിക്കാൻ ഫയർഫോഴ്സ്, അഞ്ചാലുംമൂട് പോലീസ്, ദേവസ്വം വോളണ്ടിയർമാർ എന്നിവരുടെ സേവനവും ഉണ്ടായിരിക്കും.
അഞ്ചാലുംമൂട്, കുണ്ടറ എന്നിവിടങ്ങളിൽ നിന്ന് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി ബസുകളും കൊല്ലം, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ നിന്ന് സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. സുഗമമായ വാഹന പാർക്കിംഗിനും ദേവസ്വം പ്രത്യേക സൗകര്യങ്ങൾ ഏതപ്പെടുത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ്ര തൃക്കരുവ കുറ്റിയഴികം ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായൺ ,സെക്രട്ടറിമാരായ ഡോ. കെ.വി. ഷാജി, ഡി.എസ്.സജീവ്, ജോയിന്റ് സെക്രട്ടറി പി.എൻ .ആനന്ദക്കുട്ടൻ, ദേവസ്വം എക്സിക്യൂട്ടീവ് അംഗം വി. ഷിബു ശാന്തി എന്നിവർ സംബന്ധിച്ചു.
കൊല്ലം: ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ 24 ന് പുലർച്ചെ മൂന്നു മുതൽ ആരംഭിക്കും.തന്ത്രി തടത്തിൽ മഠം ടി.കെ. ചന്ദ്രശേഖര സ്വാമിയും 15 ക്ഷേത്രങ്ങളിൽ നിന്നുള്ള തന്ത്രിമാരും പിതൃതർപ്പണത്തിനും തിലഹവനത്തിനും കാർമികത്വം വഹിക്കും. ഒരു സമയം 1000 പേർക്ക് തർപ്പണം നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും.
വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണവും ഉണ്ടായിരിക്കും. കൃഷി വകുപ്പിന്റെ പ്രത്യേക സ്റ്റാളും ഉണ്ടാകും. ഭേഷജത്തിന്റെ വിവിധ ഉത്പന്നങ്ങളുടെ വിപണന മേളയും ക്രമീകരിച്ചിട്ടുണ്ട്.
തുമ്പറ മഹാദേവീ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ബലിതർപ്പണത്തിന് എത്തുന്നവർക്ക് സൗജന്യമായി ഔഷധ കാപ്പി വിതരണവും നടക്കും.ബലിതർപ്പണ ചടങ്ങുകൾക്ക് മുന്നോടിയായി നാളെ വൈകുന്നേരം ആറു മുതൽ സർവമത സമ്മേളനവും സൗജന്യ വൃക്ഷത്തൈ വിതരണവും നടക്കും.
മന്ത്രി ജെ.ചിഞ്ചുറാണി,എൻ. കെ.പ്രേമചന്ദ്രൻ എംപി, എം. നൗഷാദ് എംഎൽഎ, മേയർ ഹണി ബഞ്ചമിൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.പത്രസമ്മേളനത്തിൽ ശ്രീനാരായണ ഗുരുദേവ മന്ദിരം ഭാരവാഹികളായ റ്റി.കെ. കൊച്ചുണ്ണി, എൽ. പ്രകാശ്, ആർ. വിനോദ്, ജി. വിൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍
കൊല്ലം: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ജില്ലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. അധികസുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കൊല്ലം സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ താലൂക്ക്തല യോഗം ചേര്‍ന്നു. തിരുമുല്ലവാരം, മുണ്ടക്കല്‍ പാപനാശം ക്ഷേത്രങ്ങളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. സി സി ടി വി സംവിധാനങ്ങളും സജ്ജമാക്കും. തിരുമുല്ലവാരം ക്ഷേത്രത്തിന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടുതല്‍ പൂജാരികളെയും നിയോഗിക്കും.
തിരുമുല്ലവാരം ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ക്ഷേത്രവും കടല്‍ത്തീരത്തെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 80 പേരെ അധികമായി നിയോഗിച്ചു. ചടങ്ങുകളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം. മുണ്ടക്കല്‍ പാപനാശത്തേക്ക് ദിശാ സൂചിക ബോര്‍ഡുകള്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ കോര്‍പറേഷനും വൈദ്യുതി വകുപ്പും ചേര്‍ന്ന് സ്ഥാപിക്കും.
കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും സജ്ജരാക്കും. വാഹന പാര്‍ക്കിംഗിന് ബീച്ചിലും ക്ഷേത്ര പരിസരത്തും സൗകര്യം ഒരുക്കും. തിരുമുല്ലവാരത്ത് സ്കൂബ, ആപത് മിത്ര സംഘങ്ങളുടെ സേവനം ഉറപ്പാക്കും. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെ നിയോഗിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ത്വരിതപ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്കി.
ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. കുണ്ടറ-അഞ്ചാലുംമൂട് പാതയില്‍ അധിക സര്‍വീസുകള്‍ ഉണ്ടാകും. ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അഥോറിറ്റിക്ക് നിര്‍ദേശം നല്കി.പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് വൃക്ഷത്തൈ നല്കാന് മുണ്ടക്കല്‍ പാപനാശം ക്ഷേത്രത്തില്‍ കൃഷി വകുപ്പിന്റെ പ്രത്യേക സ്റ്റാള്‍ ഒരുക്കും.
കൊല്ലം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ജി .വിനോദ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.