പത്തനംതിട്ട: ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയ ദുരന്ത പ്രതികരണ സേനാ സംഘം പരിശീലനം നൽകി. അപകടങ്ങളില്‍പെട്ടവര്‍ക്ക് പ്രഥമശുശ്രൂഷ നല്കല്, സിപിആര്‍, ഭൂകമ്പ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതി, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താത്കാലിക സ്ട്രെക്ചര്‍ നിര്മിക്കുന്നവിധം, നടക്കാന്‍ കഴിയാത്തവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി, കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്കി.
ദേശീയ ദുരന്ത പ്രതികരണ സേന നാലാം ബറ്റാലിയന് ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നല്‍കിയത്. ആദ്യഘട്ടത്തില്‍ പെരിങ്ങര ജിഎച്ച്എസ്, നെടുമ്പ്രം ജിഎച്ച്എസ്, കടപ്ര കെഎസ്ജിഎച്ച്എസ്, പെരിങ്ങര പിഎംവിഎച്ച്എസ്, ചാത്തങ്കേരി എസ്എന്‍ഡിപിഎച്ച്എസ്, നിരണം സെന്റ് മേരീസ് എച്ച്എസ്എസ്, കോന്നി ജിഎച്ച്എസ്എസ്, കലഞ്ഞൂര്‍ ജിഎച്ച്എസ്എസ്, ചിറ്റാര്‍ ജിഎച്ച്എസ്എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് എന്നീ സ്കൂളുകളിലായിരുന്നു പരിശീലനം.