പത്തനംതിട്ട: ജില്ലയിലെ സിപിഐയിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹാരമില്ലാതെ മുന്നോട്ടു നീങ്ങുന്നതിനിടെ മൂന്നു ദിവസത്തെ ജില്ലാ സമ്മേളനത്തിന് ഇന്ന് കോന്നിയിൽ കൊടിയേറും. 2022ൽ പത്തനംതിട്ടയിൽ നടന്ന സമ്മേളനം തെരഞ്ഞെടുത്ത എ.പി. ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനു പിന്നാലെ ജില്ലയിൽ നിന്നൊരാളെ പകരം കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ കോട്ടയത്തു നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗം സി.കെ. ശശിധരനു ചുമതല നൽകുകയായിരുന്നു.
സമ്മേളനംവരെയുള്ള ചുമതലകൾ അദ്ദേഹത്തിനാണ്. പുതിയ ജില്ലാ സെക്രട്ടറിയെ സമ്മേളനം തെരഞ്ഞെടുക്കണം. എന്നാൽ സമവായത്തിലൂടെ പുതിയ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പൊതുധാരണയുണ്ടാക്കുമെന്നാണ് സൂചന.
തർക്കം രൂക്ഷമായാൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്ന് പറയുന്നു. നിലവിൽ അടൂർ എംഎൽഎയായ അദ്ദേഹമാണ് സമ്മേളന നടത്തിപ്പിന്റെ സ്വാഗതസംഘം അധ്യക്ഷൻ. സംസ്ഥാന കൗൺസിൽ അംഗം ഡി. സജി, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഗോപിനാഥൻ, കെ.ജി. രതീഷ് കുമാർ ഇവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്.
ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ റാന്നിയിലും അടൂരിലും സെക്രട്ടറിമാരെ തെരഞ്ഞെടുക്കാനായില്ല. സമ്മേളനങ്ങളിലുണ്ടായ തർക്കങ്ങളാണ് കാരണമായത്. ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ ചേരിതിരിഞ്ഞുള്ള ചർച്ചകളുണ്ടാകും. ഇന്നു നടക്കുന്ന പതാക, കൊടിമരം ജാഥകളെ സംബന്ധിച്ചു പോലും വിവാദങ്ങളുണ്ടായിട്ടുണ്ട്. സിപിഐ നേതാവായിരുന്ന എം. സുകുമാരപിള്ളയുടെ ശവകുടീരത്തിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന ജാഥ റദ്ദാക്കാനാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം പാർട്ടി നേതൃത്വത്തിനു കത്തു നൽകിയതായി പറയുന്നു.
2023ലാണ് എ.പി. ജയനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്. അനധികൃത സ്വത്ത് സന്പാദനം സംബന്ധിച്ച് സിപിഐ പ്രതിനിധി കൂടിയായ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. കഴിഞ്ഞ സമ്മേളന കാലയളവിൽ ഉടലെടുത്ത തർക്കങ്ങളും പ്രശ്നങ്ങളുമാണ് ഇത്തരത്തിൽ ഗുരുതരമായ സാഹചര്യത്തിലേക്കു നയിച്ചത്. ഈ സമ്മേളനത്തിൽ എ.പി. ജയൻ പ്രതിനിധിയാണ്. എന്നാൽ ശ്രീനാദേവി കുഞ്ഞമ്മയെ ഇത്തവണയും സമ്മേളന പ്രിതിനിധിയാക്കിയിട്ടില്ല.
പാർട്ടിയിൽ അംഗത്വത്തിൽ ഉണ്ടായ കുറവ് ജില്ലാ സെക്രട്ടറിതന്നെ സമ്മതിച്ചിട്ടുണ്ട്. 10,000 ൽ താഴെയായി മെംബർഷിപ്പ് കുറഞ്ഞു. കഴിഞ്ഞതവണ 12000 ലധികമായിരുന്നു അംഗത്വം. അംഗത്വം അടിസ്ഥാനമാക്കിയാണ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്.
തർക്കങ്ങൾ പരിഹരിക്കും; ആനുപാതികമായ സീറ്റുണ്ടാകണം
സിപിഐയുടെ മെംബർഷിപ്പിൽ കുറവുണ്ടായെന്ന പേരിൽ ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സീറ്റിൽ ഒരു കുറവും വരുത്താൻ അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ആനുപാതികമായ വർധന സീറ്റുകളുടെ കാര്യത്തിലും പാർട്ടി ആവശ്യപ്പെടും.
നിലവിലെ തർക്കങ്ങൾ സമ്മേളനം കഴിയുന്നതോടെ പരിഹരിക്കപ്പെടും. ജില്ലയിൽ നിന്നൊരാൾ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമെന്നും ശശിധരൻ അഭിപ്രായപ്പെട്ടു.
കൊടിമരം ജാഥയും പൊതുസമ്മേളനവും ഇന്ന്
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കോന്നിയിൽതുടക്കമാകും. കൊടിമരം, പതാക, ബാനർ, ദീപശിഖ ജാഥകൾ ഇന്ന് വൈകുന്നേരം നാലിന് കോന്നി ടൗണിൽ എത്തിച്ചേരും. തുടർന്ന് എലിയറയ്ക്കൽ ജംഗ്ഷനിൽനിന്നും വോളണ്ടിയർ പരേഡും കോന്നി ടൗണിൽ പൊതു സമ്മേളനവും നടക്കും. മന്ത്രി കെ.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ 10 ന് വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബു, പി. പി. സുനീർ എംപി , മന്ത്രി പി. പ്രസാദ് , മുല്ലക്കര രത്നാകരൻ, കെ. ആർ. ചന്ദ്രമോഹൻ, സി. എൻ. ജയദേവൻ തുടങ്ങിയവർ പങ്കെടുക്കും.
16 ന് പൊതുചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകുന്നേരം സമ്മേളനം സമാപിക്കും . 280 പ്രതിനിധികൾ ജില്ലയിലെ 10 മണ്ഡലങ്ങളിൽ നിന്ന് പങ്കെടുക്കും. 710 ബ്രാഞ്ചുകളിലായി 10,000 അംഗങ്ങളാണുള്ളത്.
ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം ഡി. സജി, സ്വാഗതസംഘം കൺവീനർമാരായ പി. ആർ.ഗോപിനാഥൻ, കെ.ജി. രതീഷ്കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.