പത്തനംതിട്ട: തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം 1099 ആയി. 2020ൽ 1042 വാർഡുകളായിരുന്നു ഉണ്ടായിരുന്നത്. 53 ഗ്രാമപഞ്ചായത്തുകളിലായി ഇനി 833 വാർഡുകളുണ്ടാകും. നേരത്തേ ഇത് 788 വാർഡുകളായിരുന്നു. എട്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് 114 വാർഡുകളുണ്ടാകും. നേരത്തേ 106 ആയിരുന്നു. ജില്ലാ പഞ്ചായത്തിന് 17 ഡിവിഷനുകളുണ്ടാകും. നേരത്തേ 16 ആയിരുന്നു. നാല് നഗരസഭകളിലും കൂടി 135 വാർഡുകളുണ്ടാകും. നേരത്തേ 132 വാർഡുകളായിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് ചെയര്‍മാനും വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാരായ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെ.ബിജു, എസ്. ഹരികിഷോര്‍, ഡോ. കെ.വാസുകി എന്നിവര്‍ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. ജോസ്നമോള്‍ സെക്രട്ടറിയുമായ ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയ പൂര്‍ത്തിയാക്കിയത്.
മൂന്ന് ഘട്ടമായിട്ടായിരുന്നു വാര്‍ഡ് പുനര്‍വിഭജനപ്രക്രിയ. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പറേഷന് എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തിലും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലുമാണ് പുനര്‍വിഭജനം നടത്തിയത്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു പുനര്‍വിഭജനം.
വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയാറാക്കിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ ഇ ഗസറ്റ് വെബ് സൈറ്റില്‍ (www. compose.kerala.gov.in) ലഭിക്കും. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹീയറിംഗിന് ഹാജരായവരുടെ പരാതി പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എ.ഷാജഹാന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളുടെ (ഡിവിഷനുകള്‍) അതിര്‍ത്തികള്‍ നിശ്ചയിച്ച് അന്തിമ പട്ടിക പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ കരട് പട്ടികയെ സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് തെളിവെടുപ്പ് നടന്നെങ്കിലും അന്തിമപട്ടികയില്‍ മണ്ഡലങ്ങളെ സംബന്ധിച്ച് കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. 2020ലെെരഞ്ഞെടുപ്പില് ഉണ്ടായിരുന്ന 16 ഡിവിഷനുകളും അതേ പേരില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നും മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്. കലഞ്ഞൂര്‍ കേന്ദ്രമാക്കിയാണ് പുതിയ മണ്ഡലം നിലവില്‍ വരുന്നത്.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങള്‍, ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനുകള്‍, കണക്കാക്കിയിരിക്കുന്ന ജനസംഖ്യ കണക്കില്‍.
1. പുളിക്കീഴ് - പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആലംതുരുത്തി, കാരയ്ക്കല്‍, പെരിങ്ങര, പൊടിയാടി, പരുമല, കടപ്ര, നിരണം, കൊമ്പന്‍കേരി, കണ്ണശ, പുളിക്കീഴ്, നെടുമ്പ്രം മണ്ഡലങ്ങള്‍ (ജനസംഖ്യ 67978).
2. കോയിപ്രം - പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റൂര്‍, തൈമറവുംകര, ഓതറ മണ്ഡലങ്ങള്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഇരവിപേരൂര്‍, പുറമറ്റം, വെണ്ണിക്കുളം, കുമ്പനാട്, ഓതറ, നന്നൂര്‍ മണ്ഡലങ്ങള്‍. (ജനസംഖ്യ - 69752).
3. മല്ലപ്പള്ളി - മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മുക്കൂര്‍, മല്ലപ്പള്ളി, മടുക്കോലി, കല്ലൂപ്പാറ, കവിയൂര്‍, കോട്ടൂര്‍, ആഞ്ഞിലിത്താനം, കുന്നന്താനം മണ്ഡലങ്ങള്‍ (ജനസംഖ്യ 63759).
4. ആനിക്കാട് - മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനിക്കാട,പുന്നവേലി, കോട്ടാങ്ങല്‍, കൊറ്റനാട്, ചാലാപ്പള്ളി, കീഴ് വായ്പൂര്, കോയിപ്രം ബ്ലോക്കിലെ തെള്ളിയൂര്‍, എഴുമറ്റൂര്‍ മണ്ഡലങ്ങള്‍ (ജനസംഖ്യ (72347).
5. അങ്ങാടി - റാന്നി ബ്ലോക്ക് പഞ്ചായത്തിലെ മക്കപ്പുഴ, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി മണ്ഡലങ്ങള്‍ (ജനസംഖ്യ 60144).
6. റാന്നി - റാന്നി ബ്ലോക്ക് പഞ്ചായത്തിലെ മാമ്പാറ, വടശേരിക്കര, വലിയകുളം, റാന്നി, ചെറുകോല്‍, കീക്കൊഴൂര്‍, കടമ്മനിട്ട മണ്ഡലങ്ങള്‍ (ജനസംഖ്യ 60779).
7. ചിറ്റാര്‍ - റാന്നി ബ്ലോക്ക് പഞ്ചായത്തിലെ കൊല്ലമുള, പെരുനാട്, ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ മണ്ഡലങ്ങള്‍ (ജനസംഖ്യ 57944).
8. മലയാലപ്പുഴ - കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മൈലപ്ര, മലയാലപ്പുഴ, കോന്നി താഴം, തണ്ണിത്തോട്, അതുമ്പുംകുളം മണ്ഡലങ്ങള്‍ (ജനസംഖ്യ 51251).
9. കോന്നി - കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മെഡിക്കല്‍ കോളജ്, അരുവാപ്പുലം, വകയാര്‍, കോന്നി ടൗണ്‍, ഇളകൊള്ളൂര്‍ മണ്ഡലങ്ങള്‍ (ജനസംഖ്യ 52720).
10. പ്രമാടം - കോന്നി ബ്ലോക്കിലെ വി. കോട്ടയം, വള്ളിക്കോട്, പ്രമാടം മണ്ഡലങ്ങള്‍, ഇലന്തൂര്‍ ബ്ലോക്കിലെ പുത്തന്‍പീടിക, ഓമല്ലൂര്‍, ചെന്നീര്‍ക്കര മണ്ഡലങ്ങള്‍.(ജനസംഖ്യ 50922).
11. കടുമണ് - പറക്കോട്ബ്ലോക്കിലെ ഏഴംകുളം, ഐക്കാട്, അങ്ങാടിക്കല്‍ ഹൈസ്കൂള്‍, നെടുമണ്‍കാവ്, പന്തളം ബ്ലോക്കിലെ തട്ടയില്‍, കോന്നി ബ്ലോക്കിലെ കൈപ്പട്ടൂര്‍ മണ്ഡലങ്ങള്‍. (ജനസംഖ്യ 66857).
12. കലഞ്ഞൂര്‍ - പറക്കോട് ബ്ലോക്കിലെ കൂടല്‍, കലഞ്ഞൂര്‍, ഇളമണ്ണൂര്‍, കുന്നിട, കൈതപ്പറമ്പ് മണ്ഡലങ്ങള്‍. (ജനസംഖ്യ 58486).
13. ഏനാത്ത് - പറക്കോട് ബ്ലോക്കിലെ വടക്കടത്തുകാവ്, ഏനാത്ത്, വേലുത്തമ്പി ദളവ, കടമ്പനാട് മണ്ഡലങ്ങള്‍.
14. പള്ളിക്കല്‍ - പറക്കോട് ബ്ലോക്കിലെ തെങ്ങമം, പഴകുളം, പെരിങ്ങനാട്, പന്തളം ബ്ലോക്കിലെ തുമ്പമണ്‍, പൊങ്ങലടി, വിജയപുരം മണ്ഡലങ്ങള്‍. (ജനസംഖ്യ 61989).
15. കുളനട - പന്തളം ബ്ലോക്കിലെ ആറാട്ടുപുഴ, ആറന്മുള, ഇലവുംതിട്ട, തുമ്പമണ്‍ താഴം, കുളനട, മെഴുവേലി, ഉള്ളന്നൂര്‍, മാന്തുക, വല്ലന, നീര്‍വിളാകം മണ്ഡലങ്ങള്‍ (ജനസംഖ്യ 66778).
16. ഇലന്തൂര്‍ - ഇലന്തൂര്‍ ബ്ലോക്കിലെ നാരങ്ങാനം, പരിയാരം, പ്രക്കാനം, മുട്ടത്തുകോണം, ഇലന്തൂര്‍, കുഴിക്കാല, മല്ലപ്പുഴശേരി മണ്ഡലങ്ങള്‍ (ജനസംഖ്യ 51507).
17. കോഴഞ്ചേരി - കോയിപ്രം ബ്ലോക്കിലെ കോഴഞ്ചേരി, ചെറുകോല്‍, പ്ലാങ്കമണ്‍, അയിരൂര്‍, ചരല്‍ക്കുന്ന്, മാരാമണ്‍, പുല്ലാട്, തട്ടക്കാട്മണ്ഡലങ്ങള്. (ജനസംഖ്യ 67758).