പയ്യന്നൂര്‍: കര്‍ഷക ക്ഷേമ വകുപ്പിന്റെ മികച്ച സ്കൂളിനുള്ള പുരസ്കാരം പയ്യന്നൂര്‍ പുഞ്ചക്കാട് പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് യുപി സ്കൂളിന്. കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പാണ് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച പുരസ്കാരം ഈ സ്കൂളിന് പ്രഖ്യാപിച്ചത്.
കുട്ടികള്‍ക്കു വിഷരഹിതവും പോഷക സമൃദ്ധവുമായ പച്ചക്കറികള്‍ ഉറപ്പുവരുത്താനും കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തി കൃഷിയോടുള്ള ആഭിമുഖ്യം ശക്തിപ്പെടുത്തുന്നതിനും 60 സെന്റ് വരുന്ന കൃഷിയിടമാണ് ഇവര്‍ ഉപയോഗപ്പെടുത്തിയത്. വിവിധയിനം വിളകളായ തക്കാളി, വഴുതന, വെണ്ട, പയര്‍, പച്ചമുളക്, നരമ്പന്, വെള്ളരി, മത്തന്‍, ചീനിക്കിഴങ്ങ്, പടവലം, കോവല്‍, തണ്ണിമത്തന്, ചീര, പാവയ്ക്ക, കുമ്പളം എന്നിവയാണ് ഇവിടെ വിളഞ്ഞത്.
"മണ്ണിനെ തൊട്ടറിഞ്ഞ് കുഞ്ഞു കൈകള്‍' എന്ന സ്കൂള്‍ കാര്‍ഷിക പദ്ധതിയിലൂടെ പയ്യന്നൂര്‍ കൃഷി വകുപ്പുമായി സഹകരിച്ചാണ് മാനേജ്മെന്റ്, പിടിഎ, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ സംയുക്തമായി പദ്ധതി നടപ്പാക്കിയത്.
പരിചരണത്തിലെ കൃത്യത, കൃഷിരീതി, തുള്ളിനന എന്നിവ പരിചയപ്പെടുന്നതിനും അനുഭവിച്ച് അറിയുന്നതിനും ലക്ഷ്യം വച്ചായിരുന്നു കുട്ടി കര്‍ഷകരേയും ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കിയത്. സ്കൂളില്‍ നടപ്പാക്കിയ പദ്ധതിയിലെ അറിവുകള്‍ കുട്ടികള്‍ അവരവരുടെ വീടുകളിലും നടപ്പിലാക്കിയതോടെ അദ്ഭുതാവഹമായ ഫലങ്ങളാണ് കുഞ്ഞു കൈകള്‍ക്ക് മണ്ണ് അറിഞ്ഞുനല്‍കിയത്.
ഇതോടെ പദ്ധതിമൂലമുള്ള സ്കൂളിന്റെ നേട്ടം നൂറുമേനിയായി. അധ്യാപകരും വിദ്യാര്‍ഥികളും കനകം വിളയിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് മുഖ്യാധ്യാപിക സിസ്റ്റര്‍ ഷാന്റി ഫിലിപ്പും ഒപ്പമുണ്ടായിരുന്നു.