ഇരിട്ടി: ഇന്ത്യ മതേതരത്വത്തിന്റെ കാവൽരാജ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മതരാഷ്ട്രമല്ല ഇന്ത്യ. എന്നാൽ, മതേതരത്വം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ല് തീക്ഷ്ണമായ വിശ്വാസമാണ്. വിശ്വാസം പ്രചരിപ്പിക്കുവാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് നൽകുന്നുണ്ട്.- മന്ത്രി പറഞ്ഞു.
കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ സിൽവർ ജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സഭയെ നയിക്കാനും പ്രാപ്തരാക്കാനുമുള്ള വലിയൊരു സമൂഹത്തെ കുന്നോത്തെ വിശ്വാസ പരിശീലന കേന്ദ്രത്തിൽനിന്ന് ലഭിച്ചു. വിശ്വാസത്തെ സംരക്ഷിക്കുകയെന്നതാണ് ഇവരുടെ മുഖ്യലക്ഷ്യമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മാനുഷികമായിട്ടുള്ള ബന്ധങ്ങൾ ദൈവിക കാഴ്ചപ്പാടിലൂടെ കാണേണ്ട പരിശീലനമാണ് വൈദികർക്ക് ലഭിക്കേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വൈദിക പരിശീലനത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം പരിശീലന കേന്ദ്രങ്ങളിൽ ആവശ്യമാണ്. ക്രിസ്തുവിന്റെ സഭയുടെ വൈദികർ ക്രിസ്തുവിന്റെ സഭയുടെ അംബാസഡർമാരാണ്. വൈദികർ എപ്പോഴും സന്തോഷത്തിന്റെ വാർത്ത ദൈവജനത്തെ അറിയിക്കുന്നവരാകണം. മനുഷ്യന്റെ പ്രതിസന്ധികളിൽ അവന്റെ കൂടെ നിൽക്കണം. വെല്ലുവിളികളെ അതിജീവിപ്പിക്കാൻ പഠിപ്പിക്കണം. വൈദികന്റെ പെരുമാറ്റത്തിൽ വേണ്ടത് കുലീനത്വമാണ്. കഴിവുകൾ വളർത്തിയെടുക്കാനുള്ള സ്ഥലമാണ് ഓരോ പരിശീലന കേന്ദ്രവുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ചടങ്ങിൽ സെമിനാരി കമ്മീഷൻ മുൻ ചെയർമാൻ മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. ജോർജ് ഞറളക്കാട്ട് സമ്മാനദാനം നിർവഹിച്ചു. മുൻ പ്രഫസർ മാർ തോമസ് പാടിയത്ത് പുസ്തക പ്രകാശനവും പ്രഥമ റെക്ടർ റവ. ഡോ. ജോസഫ് കുഴിഞ്ഞാലിൽ സുവനീർ പ്രകാശനവും നടത്തി.
അഡ്ഹോക് കമ്മിറ്റി മുൻ അംഗം മാർ ജോസഫ് കല്ലറങ്ങാട്ട്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പുശേരി, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസ്, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, മാർ ജോസഫ് സ്രാന്പിക്കൽ, മുൻ റെക്ടർമാരായ റവ. ഡോ. മാണി ആട്ടേൽ, റവ.ഡോ. ജിയോ പുളിക്കൽ, സെമിനാരി കമ്മീഷൻ അംഗം മാർ പീറ്റർ കൊച്ചുപുരക്കൽ, സണ്ണി ജോസഫ് എംഎൽഎ, സിസ്റ്റർ ജസീന്ത സെബാസ്റ്റ്യൻ (മദർ ജനറൽ, നസ്രത്ത് സിസ്റ്റേഴ്സ്), പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പൂർവ വിദ്യാർഥി പ്രതിനിധി ഫാ. സെബാൻ ഇടയാടിയിൽ, പായം ഗ്രാമപഞ്ചായത്തംഗം ഷൈജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സെമിനാരി കമ്മീഷൻ ചെയർമാൻ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും റെക്ടർ റവ. ഡോ. മാത്യു പട്ടമന നന്ദിയും പറഞ്ഞു. സെമിനാരി വിദ്യാർഥികളുടെ ജൂബിലി ഗാനവും ഉണ്ടായിരുന്നു.
സിൽവർ ജൂബിലിയാഘോഷ സമാപന സമ്മേളനത്തിന് മുന്നോടിയായി പൂർവ വിദ്യാർഥി സംഗമവും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു.വിശുദ്ധ കുർബാനയ്ക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, എമിരറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പണ്ടാരശേരിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർജോസഫ് സ്രാന്പിക്കൽ, മാർ തോമസ് പാടിയത്ത്, മാർ അലക്സ് താരാമംഗലം, റെക്ടർ റവ.ഡോ.മാത്യു പട്ടമന എന്നിവർ സഹകാർമികരായിരുന്നു.
സീറോ മലബാർ സഭാ സിനഡിന്റെ കീഴിൽ 2000 സെപ്റ്റംബർ ഒന്നിനാണ് തലശേരി അതിരൂപതയുടെ സാന്തോം എസ്റ്റേറ്റിൽ മേജർ സെമിനാരി പ്രവർത്തനം ആരംഭിച്ചത്. 25 വർഷത്തിനുള്ളിൽ 500 വൈദിക വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കിയത്.
നല്ല ഇടയനായ ഈശോ സഭയ്ക്ക് നൽകിയ ദൃശ്യമായ സമ്മാനമാണ് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി. സഭയ്ക്ക് വേണ്ടി വിശ്വാസവും അറിവും സ്നേഹവും ഉള്ള നല്ല ഇടയൻമാരെ രൂപീകരിക്കാൻ കഴിഞ്ഞ 25 വർഷം സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്.
-മാർ ജോർജ് വലിയമറ്റം
സഭയുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന യാഥാർഥ്യമാണ് കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി.കുടിയേറ്റ സുറിയാനി ക്രൈസ്തവരുടെ ദൈവ വിശ്വാസത്തിന്റെ നാഴികക്കല്ലു കൂടിയാണ് സെമിനാരി. എളുപ്പവഴികളേക്കാൾ ബുദ്ധിമുട്ടുള്ള വഴികളിലൂടെ നടക്കണം. എങ്കിൽ വഴി തെറ്റുകയില്ല. പാരമ്പര്യത്തേകുറിച്ച് സംസാരിച്ചുകൊണ്ട് കൈകെട്ടി പിന്നിലേക്ക് മാറുകയല്ല വേണ്ടത്. സത്യസന്ധമായ വിശ്വാസത്തെ ആർക്കും തോല്പിക്കാൻ കഴിയില്ല.അത് പരിശീലനത്തിലൂടെ സാധിക്കും.
-മാർ ജോസഫ് കല്ലറങ്ങാട്ട്
അഞ്ഞൂറോളം ഇടയന്മാരെ വളർത്തിയെടുത്ത ഒരു അധ്യാത്മിക പവർ ഹൗസാണ് കുന്നോത്ത് സെമിനാരി. 25 വർഷത്തെ യൗവനത്തിൽ മുന്നേറുന്ന സെമിനാരിയുടെ സാന്നിധ്യം ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്.
-സണ്ണി ജോസഫ് എംഎൽഎ