കണ്ണൂർ: സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷൻ പുരസ്കാര നേട്ടത്തിനു പിന്നാലെ കാർഷിക പുരസ്കാരവും സ്വന്തമാക്കി ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ. വിഷരഹിത പച്ചക്കറി കൃഷി, ചെണ്ടുമല്ലി, പൂ കൃഷി എന്നീ മേഖലയിലടക്കം അസോസിയേഷന്റെ പ്രവർത്തന മികവാണ് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷനെ കാർഷിക പുരസ്കാരത്തിന് അർഹമാക്കിയത്.
പള്ളിക്കുന്ന് ഹൈവേയിൽ അസോസിയേഷൻ കൃഷിഭവൻ അനുവദിച്ച ഇക്കോഷോപ്പും വിജയകരമായി നടത്തിവരുന്നുണ്ട്. 2017 ൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 50,000 രൂപയുടെയും പുരസ്കാരവും നേടിയിരുന്നു. മലയാള മനോരമയുടെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം, ഹരിത കേരള മിഷനും ശുചിത്വ മിഷനും ഫെറയും സംയുക്തമായി നടത്തിയ നവകേരള ജനകീയ കാന്പയിനിൽ സ്റ്റാർ ഗ്രേഡ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഫൈവ് സ്റ്റാർ പദവി, കൂടാതെ ആസ്റ്റർ മിംസ് കണ്ണൂരിന്റെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം എന്നിവയും നേടിയിട്ടുണ്ട്.
പാതയോര ശുചീകരണം, പാതയോരങ്ങളിൽ വൃക്ഷത്തൈ നട്ട് സംരക്ഷിക്കൽ, മാലിന്യ കൂമ്പാരങ്ങൾ നീക്കി പൂന്തോട്ടവും അക്ഷരക്കൂടും ഒരുക്കൽ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ, പ്ലാസ്റ്റിക്കിന്റെയും പേപ്പർ ഗ്ലാസുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി അംഗങ്ങൾക്ക് സൗജന്യമായി സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയുടെ വിതരണവും നടത്തിയിരുന്നു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ, ശുചിത്വ റാലി, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ കായിക മത്സരങ്ങളും പരിശീലനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.
ജോർജ് തയ്യിൽ പ്രസിഡന്റായും ആർ. അനിൽകുമാർ ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എം.കെ. സജേന്ദ്രൻ-ട്രഷറർ , ഹനീഷ് വാണിയങ്കണ്ടി, പദ്മിനി സന്തോഷ്-വൈസ് പ്രസിഡന്റുമാർ, കെ.എം. പ്രകാശൻ, ടി.കെ. ദിവാകരൻ-ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.